സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും അവസാനിക്കുന്നില്ല. ബോളിവുഡിലെ  സ്വജനപക്ഷപാതത്തിന്റെ ഫലമായി താരസന്തതികൾക്ക് അവർ അർഹിക്കാത്ത അം​ഗീകരങ്ങൾ ലഭിക്കുന്നുവെന്നും സാധാരണക്കാർ തഴയപ്പെടുകയാണെന്നും ആരോപണങ്ങൾ ഉയരുന്നു. ചിലർ മനംനൊന്ത് ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലർ‌ എന്നന്നേക്കുമായി സിനിമ തന്നെ ഉപേക്ഷിക്കുന്നു. 

പുരസ്കാര വേദികളിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ സിനിമാപ്രവർത്തകരുടെ കരിയറിനെ പ്രതികൂലമായി ബാധിക്കാറുണ്ട്. അവതാരകരായെത്തുന്ന സീനിയർ താരങ്ങൾ മറ്റുള്ളവരെ കണക്കറ്റ് പരിഹസിക്കുമ്പോൾ പ്രതികരിക്കാതെ നോക്കി നിൽക്കാനേ പലർക്കും കഴിയാറുള്ളൂ.​ ​ഗായകൻ അരിജിത്ത് സിം​ഗ്-സൽമാൻ ഖാൻ പ്രശ്നവും തുടങ്ങുന്നത് ഇതുപോലുള്ള ഒരു പുര്സകാര വേദിയിൽ വച്ചായിരുന്നു. അതിന്റെ പരിണിത ഫലയായി അരിജിത്ത് പാടിയ ഒരു ​ഗാനം സൽമാൻ ഖാൻ സുൽത്താൻ എന്ന ചിത്രത്തിൽ നിന്ന് നീക്കം ചെയ്തു. സുശാന്തിന്റെ മരണശേഷം ഈ സംഭവങ്ങളെല്ലാം വീണ്ടും ചർച്ചയാവുന്ന പശ്ചാത്തലത്തിൽ സൽമാൻ ഖാന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വെെറലാകുന്നു. 

സം​ഗീത സംവിധായകൻ എ.ആർ റഹ്‌മാനൊത്തുള്ള ഒരു വീഡിയോയാണിത്. 2014 ൽ നടന്ന സംഭവമാണിത്. ഒരു വേദിയിൽ സൽമാൻ, റഹ്‌മാനെ നിർത്തി ഇങ്ങനെ പറയുന്നു... ''നിങ്ങൾ എല്ലാവർക്കും അറിയാം എ.ആർ റഹ്‌മാന്‍ ഒരു ആവറേജാണെന്ന്''. ഇത് പറഞ്ഞതിന് ശേഷം സൽമാൻ റഹ്‌മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നു. റഹ്‌മാന്‍ തലയാട്ടുന്നു. അതിന് ശേഷം സൽമാൻ റഹ്‌മാന്റെ കെെപിടിക്കാൻ ശ്രമിക്കുന്നുവെങ്കിലും, അദ്ദേഹം പോക്കറ്റിൽ നിന്ന് കെെയ്യെടുക്കാതെ, കെെകൊടുക്കാതെ നിൽക്കുകയാണ്. അതിന് തൊട്ടുപിന്നാലെ റഹ്‌മാനൊപ്പം ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നുവെന്ന് സൽമാൻ പറയുമ്പോൾ അദ്ദേഹം പ്രതികരിക്കുന്നില്ല. കുറച്ച് സമയങ്ങൾക്ക് ശേഷം ഒരു മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ റഹ്‌മാന്റെ മറുപടി ഇങ്ങനെ... ''ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ... ''

എന്തായാലും സംഭവം വീണ്ടും ചർച്ചയായതോടെ റഹ്‌മാനെ പ്രശംസിച്ച് രം​ഗത്ത് വരികയാണ് ആരാധകർ.

Content Highlights: When AR Rahman reacts strongly to Salman Khan troll Viral Video