ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് തെന്നിന്ത്യൻ താരം റാണ ദഗുബാട്ടി വിവാഹിതനായത്. ഹൈദരാബാദ് സ്വദേശിനിയാണ് റാണയുടെ വധു. നിരവധി പേരാണ് നവ ദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്. അക്കൂട്ടത്തിൽ നടൻ വിഷ്ണു വിശാൽ പങ്കുവച്ച ആശംസാ ട്വീറ്റാണ് വൈറലാവുന്നത്,
"കുറച്ച് വർഷങ്ങൾക്ക് മുമ്പ് തനിക്ക് വിവാഹിതനാകുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും വയ്യെന്ന് ആരോ പറഞ്ഞു. ഈ മനോഹര ചിത്രത്തിലുള്ള വ്യക്തിയെ കാണാൻ ആ പറഞ്ഞ ആളെപ്പോലുണ്ട്. സന്തോഷമായ ജീവിതം ഉണ്ടാകട്ടെ റാണ. ദൈവം അനുഗ്രഹിക്കട്ടെ"- എന്നാണ് വിഷ്ണു ട്വീറ്റ് ചെയ്തത്.
ഇതിന് രസകരമായ മറുപടി നൽകി റാണയും രംഗത്തെത്തിയിട്ടുണ്ട്. ആ കുറച്ച് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു, നന്ദി സഹോദരാ എന്നാണ് റാണ മറുപടി നൽകിയത്.
ഹൈദരാബാദിൽ വച്ചായിരുന്നു റാണ- മിഹീക വിവാഹചടങ്ങുകൾ നടന്നത്.
മുപ്പതിൽ താഴെ അതിഥികൾ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. എല്ലാ അതിഥികൾക്കും കോവിഡ് ടെസ്റ്റും നടത്തിയിരുന്നു.
റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അകിനേനി, ഭർത്താവും നടനുമായ നാഗ ചെെതന്യ, നടൻ രാം ചരൺ, ഭാര്യ ഉപാസന എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.
തെലുങ്കു നിർമാതാവ് സുരേഷ് ദഗ്ഗുബാട്ടിയുടെ മകനായ റാണ 2010 ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഡിപ്പാർട്ട്മെന്റ്, ബാഹുബലി, ഗാസി അറ്റാക്ക് തുടങ്ങി മുപ്പതോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് മിഹീക.
Content Highlights : Vishnu Vishal Wishes Rana Daggubati On his marriage Rana Miheeka Wedding