തെന്നിന്ത്യയുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിഘ്നേശ് പങ്കുവയ്ക്കുന്നത് ആരാധകർ ഏറ്റെടുക്കാറുണ്ട്.
കുടുംബത്തോടൊപ്പം ഗോവയിൽ ചെറിയൊരു അവധിയാഘോഷം കഴിഞ്ഞ് ചെന്നൈയിൽ തിരിച്ചെത്തിയതാരങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്. ചാർട്ടേർഡ് ഫ്ലൈറ്റിലാണ് വിഘ്നേശും നയൻസും ചെന്നൈയിൽ തിരിച്ചെത്തിയത്.
കൊച്ചിയിൽ നയൻതാരയുടെ വീട്ടിൽ താരത്തിന്റെ അമ്മയ്ക്കൊപ്പമായിരുന്നു താരജോഡികളുടെ ഓണാഘോഷം. അതിന് ശേഷമാണ് രണ്ട് അമ്മമാരോടുമൊപ്പം ഇരുവരും ഗോവയ്ക്ക് തിരിച്ചത്. അവിടെ വച്ച് നയൻതാരയുടെ അമ്മയുടെയും വിഘ്നേശിന്റെയും ജന്മദിനവും ആഘോഷമാക്കി. ഇതിന്റെ ചിത്രങ്ങളും വിഘ്നേശ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഇരുവരും തമ്മിലുള്ള വിവാഹവും ഉടനുണ്ടാകുമെന്ന് പല തവണ വാർത്തകൾ പരന്നെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അടുത്തിടെയാണ് ആദ്യമായി വിവാഹ വാർത്തയോട് വിഘ്നേശ് ശിവൻ പ്രതികരിച്ചത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് വിഘ്നേശ് മനസ് തുറന്നത്.
'വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്'... വിഘ്നേശ് പറയുന്നു. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്നേശ് പ്രതികരിച്ചു.
വിഘ്നേശിന്റെ ആദ്യ ചിത്രം നാനും റൗഡി താനിന്റെ സെറ്റിൽ വച്ചാണ് നയൻസും വിഘ്നേശും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.
Content Highlights : Vignesh Sivan and Nayanthara Latest Pictures From airport after Goa Vacation