ഇക്കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് ബോളിവുഡ് നടി ദിയ മിർസയും ബിസിനസുകാരനായ വൈഭവ് രേഖിയും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹചടങ്ങുകളിൽ ഏറെ ശ്രദ്ധ നേടിയത് വൈഭവിന്റെ ആദ്യ വിവാഹത്തിലെ മകൾ സമൈറയാണ്. വധുവിനെ പൂപ്പന്തലിന് കീഴേ വേദിയിലേക്ക് ആനയിച്ചത് സമൈറയായിരുന്നു.
പൂക്കൾ കൊണ്ടലങ്കരിച്ച പന്തലിന് താഴേ നടന്നു വരുന്ന ദിയയ്ക്ക് പപ്പയുടെ പെൺകുട്ടികൾ' എന്നെഴുതിയ പ്ലക്കാർഡുമേന്തി അകമ്പടിയേകിയ സമൈറയുടെ വീഡിയോയും ഏറെ ശ്രദ്ധ നേടി.
ഇപ്പോഴിതാ വൈഭവിന്റെയും ദിയയുടെയും വിവാഹത്തിൽ പ്രതികരണവുമായി വന്നിരിക്കുകയാണ് മുൻഭാര്യ സുനൈന. ദിയയും വൈഭവും ഒന്നായത് തങ്ങളുടെ മകളുടെ ജീവിതത്തിലെ ഏറെ പ്രധാന്യമേറിയ കാര്യമാണെന്ന് പറയുകയാണ് സുനൈന.
"ഞാൻ സുനൈന രേഖി. നിങ്ങളെന്റെ പേര് കേട്ടിരിക്കും. ഇപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നതും എന്റെ പേരാണല്ലോ. അതേ എന്റെ മുൻ ഭർത്താവ് ദിയയെ വിവാഹം ചെയ്തു. ഞാനും മകൾ സമൈറയും ഓകെയാണോ, സന്തോഷത്തോടെയിരിക്കുന്നുവോ എന്നന്വേഷിച്ച് നിരവധി സന്ദേശങ്ങളാണ് എനിക്ക് ലഭിക്കുന്നത്. നിങ്ങളുടെ അന്വേഷണങ്ങൾക്ക് നന്ദി. ഞങ്ങൾ സന്തോഷത്തോടെയിരിക്കുന്നു.. അങ്ങനെ പറഞ്ഞാൽ പോര എന്റെ മകൾ വളരെ ആവേശത്തിലാണ്. അവൾ പൂക്കൾ എറിയുന്ന ചില വീഡിയോകൾ ഞാൻ കണ്ടു. ഇത് ശരിക്കും അവൾക്ക് ലഭിക്കാവുന്ന മികച്ച കൂടിച്ചേരലാണ്. ഞങ്ങൾക്ക് മുംബൈയിൽ ബന്ധുക്കളില്ല. അതുകൊണ്ട് തന്നെ അവൾക്ക് കൂടുതൽ കുടുംബാംഗങ്ങളെ ലഭിക്കുന്നത് സന്തോഷമുള്ള കാര്യമാണ്.
നമ്മുടെ ജീവിതത്തിലേക്ക് പുതിയ ആളുകൾ വന്നുചേരുന്നത് നല്ലൊരു കാര്യമാണ്. അതുമാത്രമല്ല സ്നേഹം എന്തെന്ന് കാണേണ്ടത് ഓരോ കുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. സമൈറ കുഞ്ഞായിരിക്കുമ്പോൾ അവളുടെ അച്ഛനും അമ്മയും തമ്മിൽ അത്തരത്തിലൊരു സ്നേഹം അവൾക്ക് കാണാൻ സാധിച്ചിട്ടില്ല എങ്കിൽ ഇപ്പോഴെങ്കിലും അതിന് കഴിയുന്നത് നല്ല കാര്യമല്ലേ.. ആ സൗന്ദര്യവും ഊർജവും അവൾ ഭാവിജീവിതത്തിൽ പകർത്തും. വിവാഹബന്ധങ്ങളിൽ പ്രണയം കാണാൻ സാധിക്കുന്നത് മനോഹരമായ കാര്യമാണ്. അത് വളരെ സ്പെഷ്യലായ കാര്യമാണ്. ഞാൻ സമൈറയുടെ കാര്യത്തിലും അവളുടെ അച്ഛന്റെയും ദിയയുടെയും കാര്യത്തിൽ ഞാൻ സന്തോഷവതിയാണ്". സുനൈന സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു
യോഗ ഇൻസ്ട്രക്ടറും സൈക്കോതെറാപ്പിസ്റ്റുമാണ് സുനൈന. ബിസിനസ് പാർട്ണറായ സഹിൽ സൻഹയെയാണ് ദിയ ആദ്യം വിവാഹം ചെയ്തത്. 2014 ൽ വിവാഹിതരായ ഇവർ 2019ൽ വേർപിരിഞ്ഞു.
Content Highlights : Vaibhav rekhis Ex Wife sunaina on Dia Mirza Wedding