
എല്‍.പി.ആര്‍. വര്‍മ്മ, (പിന്‍ നിരയില്‍) ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ഹരിപ്പാട് രാമകൃഷ്ണ പിള്ള ,
പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ, മങ്കൊമ്പ് ശിവശങ്കരപിള്ള എന്നിവര്‍
ഈ പടത്തിന്റെ പിന്നണിക്ക് ഒരൊറ്റ പാട്ടേ ചേരൂ. മലയാളിയുടെ മനസ്സിൽ മായാതെ കിടക്കുന്ന ''ഉത്തരാ സ്വയംവരം കഥകളി കാണുവാൻ ഉത്രാട രാത്രിയിൽ പോയിരുന്നു" എന്ന ശ്രീകുമാരൻ തമ്പിയുടെ നിത്യഹരിത ഗാനം. ഡെയ്ഞ്ചർ ബിസ്ക്കറ്റിനുവേണ്ടി ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തി യേശുദാസ് സ്വരം നൽകിയ ഈ ഗാനം ഒരു വെറും പാട്ടല്ല, കലാ കേരളത്തിന്റെ ഒരു പരിച്ഛേദം കൂടിയാണ്. കളിയരങ്ങിലെ മഹാരഥന്മാർ ഒട്ടുമിക്കവരും കടന്നുവരുന്നുണ്ട്
കുടമാളൂര്‍ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ളനയായ്
ഹരിപ്പാട്ടു രാമകൃഷ്ണന്‍ വലലനായി
ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു
വാരണാസിതന്‍ ചെണ്ടയുണര്‍ന്നുയര്‍ന്നു
എന്ന വരികളിൽ. വരികളിൽ നിന്ന് ഇറങ്ങിവന്ന് ഇൗ കളിയാശാന്മാർ നമ്മുടെ കൺമുന്നിൽ നിന്നാലോ. കാലത്തെ അതിജീവിച്ച പാട്ട് പോലെ തന്നെ ഇവർ ഒന്നിച്ച ഒരു അപൂർവ ചിത്രവും കാലാതിവർത്തിയായി നിൽക്കുകയാണിപ്പോൾ.
പള്ളിപ്പുറം ഗോപാലന്‍നായര്‍, ചെന്നിത്തല ചെല്ലപ്പന്‍പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപിള്ള, ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള, അമ്പലപ്പുഴ രാമവര്‍മ്മ, മാങ്കുളം വിഷ്ണുനമ്പൂതിരി, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, എല്‍ പി ആര്‍ വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഇതിൽ ഹരിപ്പാട്ട് രാമകൃഷ്ണപിള്ളയും ഗുരു ചെങ്ങന്നൂരും മാങ്കുളം വിഷ്ണു നമ്പൂതിരിയുമാണ് ഹരിപ്പാട്ടുകാരൻ കൂടിയായ ശ്രീകുമാരൻ തമ്പിയുടെ വരികളിൽ വന്ന് വേഷം കെട്ടിയാടുന്നുണ്ട്. എന്നാൽ, ഈ ചിത്രം ആര്, എപ്പോൾ എവിടെവച്ച് എടുത്തതാണെന്ന് വ്യക്തമല്ല. സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ നന്നായി പ്രചരിക്കുന്നുണ്ട്.
പ്രേംസനീറും സാധനയും അഭിനയിച്ച ഗാനരംഗത്ത് പക്ഷേ, കഥകളിയും ആശാന്മാരുമൊന്നും ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം.