ഹേറ്റ് സ്റ്റോറി നാലാം ഭാഗത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഉര്‍വശി റൗട്ടെല്ല. എന്നാലിപ്പോൾ ആധാർ കാർഡിന്റെ പേരിൽ നല്ല ഒന്നാന്തരം പണി കിട്ടിയിരിക്കുകയാണ് ഉർവശിക്ക്.  തന്റെ പേരിലുള്ള വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് താരം.

ബാന്ദ്രയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ തന്റെ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു യുവതി മുറി ബുക്ക്  ചെയ്തുവെന്നാണ് പരാതി. തന്റെ ആധാർ കാർഡ് കാണിച്ച് മുറിയെടുത്ത യുവതി പണം നൽകാതെ മുങ്ങിയെന്നും ഉവശി നൽകിയ പരാതിയിൽ പറഞ്ഞു.

 ഹോട്ടല്‍ അധികൃതരില്‍ നിന്നാണ് തട്ടിപ്പിന്റെ വിവരം താൻ അറിഞ്ഞതെന്ന് ഉര്‍വശി പറഞ്ഞു.

"ഞാന്‍ ആ ഹോട്ടലിന്റെ റസ്റ്റോറന്റില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ എന്നോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞുവന്നത്. എന്റെ മുറിയിലേയ്ക്ക് പോകാമെന്നും പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ആ ഹോട്ടലില്‍ ഞാന്‍ മുറി ബുക്ക് ചെയ്തിട്ടില്ലായിരുന്നു. അവിടുത്തെ റസ്റ്റോറന്റില്‍ എന്റെ ബിസിനസ്സ് പങ്കാളിയുമായി ഒരു മീറ്റിങ് ഉണ്ടായിരുന്നു. അതിനാണ് ഞാന്‍ വന്നത്. എന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ആധാര്‍ കാര്‍ഡ് അവരുടെ പക്കല്‍ ഉണ്ടെന്നും അത് ഉപയോഗിച്ചാണ് മുറിയെടുത്തതെന്നും ഹോട്ടൽ ജീവനക്കാരാണ് എന്നോട് പറഞ്ഞത്"- ഉര്‍വശി  ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

ഉര്‍വശിയുടെ പേരില്‍ മുറി ബുക്ക് ചെയ്ത പെണ്‍കുട്ടി ഒരു മോഡല്‍ ആണെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. പാറുൽ ചൗധരി എന്ന പേരിൽ ഓൺലൈനായാണ് മുറി ബുക്ക് ചെയ്തത്. എന്നാൽ, ഇവർ ഹോട്ടലിൽ നൽകിയത് ഉർവശിയുടെ ആധാർ കാർഡിന്റെ പകർപ്പായിരുന്നു. എന്നാൽ, ഇവർ ഹോട്ടലിലെ ബിൽ അടയ്ക്കാതെ അവർ ഒാടി രക്ഷപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.

"ഹോട്ടല്‍ അധികൃതര്‍ ആ പെണ്‍കുട്ടിയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബിൽ അടയ്ക്കാൻ ശ്രമിച്ചു. എന്നാൽ, ആ കാർഡ് ഉപയോഗത്തിലുണ്ടായിരുന്നില്ല. ഇക്കാര്യം ഹോട്ടൽ അധികൃതർ അറിയിച്ചപ്പോൾ യുവതി പെട്ടെന്നൊരു അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് അവര്‍ ഹോട്ടലില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിച്ചു. ഹോട്ടലിന്റെ കവാടത്തിൽ  അവരെ തടഞ്ഞപ്പോള്‍ ബേസ്മെന്റ് വഴി ഓടി രക്ഷപ്പെടുകയായിരുന്നു." ഇതാണ് ഹോട്ടൽ അധികൃതർ നൽകിയ വിശദീകരണമെന്ന് പാറുല്‍ പറഞ്ഞു.

ഹോട്ടലിൽ നൽകിയ ആധാര്‍ നമ്പറും ഉര്‍വശിയുടെ ആധാർ കാർഡികന്റെ യഥാര്‍ഥ നമ്പറും വ്യത്യസ്തമാണ്. ഐ.പി.സി സെക്ഷന്‍  419, 420, 468 എന്നീ വകുപ്പുകള്‍ പ്രകാരവും എ.ടി ആക്ട് പ്രകാരവുമാണ് ബാന്ദ്ര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

 urvashi rautela complaint against fake aadhar card urvasi hate story 4