പിറന്നാൾ ദിനത്തിൽ അച്ഛന് ഏറ്റവും പ്രിയപ്പെട്ട സമ്മാനം നൽകി മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ. തന്റെ അച്ഛൻ പണ്ട് കൈവിട്ട് കളയേണ്ടി വന്ന രണ്ട് ബൈക്കുകൾ പുത്തനാക്കി തിരിച്ചു സമ്മാനിച്ചിരിക്കുകയാണ് ഉണ്ണി. അച്ഛൻ ഉപയോഗിച്ചിരുന്ന ഹീറോ ഹോണ്ടയുടെ സിഡി 100, യെസ്ഡി ബൈക്കുകളാണ് പുതുപുത്തനാക്കി പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനമാക്കി നൽകിയത്..

"പിറന്നാൾ ആശംസകൾ അച്ഛാ.. ആ പഴയ യാത്രകൾ അച്ഛന് തിരിച്ചു കിട്ടിയതിൽ ഏറെ സന്തോഷം" എന്നാണ് ഉണ്ണി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ലോക്ഡൗണിൽ പാലക്കാട്ടെ വീട്ടിൽ കുടുംബത്തോടൊപ്പമായിരുന്നു ഉണ്ണി. മേപ്പടിയാൻ ആണ് ഉണ്ണിയുടെ പുതിയ ചിത്രം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതോടെ സോഷ്യൽ മീഡിയിൽ നിന്ന് താരം താത്‌കാലികമായി മാറിനിൽക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഉണ്ണിക്കായി താരത്തിന്റെ ടീമാണ് സോഷ്യൽ മീഡിയ പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നത്.

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മേപ്പടിയാൻ. ക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം നിർമിക്കുന്നത് മാക്ട്രോ പിക്ചേഴ്സിന്റെ ബാനറിൽ സതീഷ് മോഹനാണ്. ശ്രീനിവാസൻ, ലെന, ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, സൈജു കുറുപ്പ്, അലൻസിയർ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്.

Content Highlights : Unni Mukundn Surprise Birthday Gift To Father Hero Honda cd 100