ലോക്ക്ഡൗൺ കാലത്ത് പഴയ ഓർമകൾ പൊടി തട്ടിയെടുത്ത് നടൻ ഉണ്ണി മുകുന്ദൻ. പത്ത് വർഷം മുൻപ് ഒരു ക്രിക്കറ്റ് മാച്ചിൽ തോറ്റതോട് കൂടി തോറ്റ ടീമിന്റെ ക്യാപ്റ്റൻ എന്ന് അറിയപ്പെടേണ്ടി വന്ന അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

"മികച്ചൊരു ക്രിക്കറ്റ് മാച്ചിൽ വിജയകരമായി തോറ്റ ശേഷം, എന്റെ ടീമിന് നന്ദി, അതിന് ശേഷം ഞാൻ അവരുടെ ഇടയിൽ തോറ്റ ടീമിന്റെ ക്യാപ്റ്റൻ എന്നറിയപ്പെട്ടു...അത് സ്പീക്കറിലൂടെ വിളിച്ചു പറഞ്ഞു. അങ്ങനെ എല്ലാവരും അത് കേട്ടു." ഉണ്ണി കുറിക്കുന്നു.

unni

നേരത്തെ 19 വർഷം മുമ്പത്തെ ഒരു ഭൂകമ്പത്തിൻെ ഓർമ താരം പങ്കുവച്ചിരുന്നു, 

വര്‍ഷം 2001, ജനുവരി 26, ഏകദേശം 8:45am, ഗുജറാത്തില്‍ 7.7 മാഗ്‌നിറ്റുഡില്‍ ഭൂകമ്പമാണ് ഞങ്ങള്‍ എല്ലാവരും അനുഭവിച്ചത്. മൃഗങ്ങള്‍ പ്രാന്തുപിടിച്ചു ഓടിയത് വരാന്‍ പോവുന്ന ആപത്തിനെ കുറിച്ചുള്ള അവബോധം കൊണ്ടാവാം. പിന്നീട് കുറേ തവണ ഭൂകമ്പം വന്നു. ചുറ്റും നാശനഷ്ടങ്ങളും മരണങ്ങളും ആണ് കണ്ടത്. അന്നൊക്കെ ജനുവരി മാസങ്ങളില്‍ ഗുജറാത്തില്‍ നല്ല തണുപ്പ് അനുഭവപ്പെടും. ഭൂകമ്പത്തെ പേടിച്ചു ഗവണ്മെന്റ് പണിത പഴേ ഫ്‌ലാറ്റിന്റെ താഴെ ടെന്റ് കെട്ടിയിടത്താണ് ഞങ്ങള്‍ എല്ലാവരും പിന്നീട് ദിവസങ്ങള്‍ കഴിച്ചുകൂടിയത്. അച്ഛന്‍ യെമെനില്‍ ജോലി ചെയ്യുന്ന സമയം ആയതുകൊണ്ടു നിരന്തരം അച്ഛന്റെ ടെന്‍ഷന്‍ പിടിച്ച ഫോണ്‍ വരും, ഞങ്ങളുടെ അവസ്ഥ അറിയാന്‍. ന്യൂസില്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്രെയും ഭീകരമായിരുന്നല്ലോ. രാത്രികള്‍ വളരെ അധികം നിശബ്ദമായതിനാല്‍ രണ്ടാം നിലയില്‍ അടിക്കുന്ന ഫോണിന്റെ ശബ്ദം താഴെ ടെന്റില്‍ വരെ കേള്‍ക്കാം. അമ്മ അപ്പൊ ഓടി ചെന്ന് ഫോണ്‍ അറ്റന്‍ഡ് ചെയ്യും. ഒരു ഉച്ച നേരത്തു ഭൂമി കുലുങ്ങിയപ്പോ സ്റ്റെയര്‍ കേസിലൂടെ ഓടി താഴെ എത്തിയത് ഞാന്‍ ഭീതിയോടെ ഇന്നും ഓര്‍ക്കുന്നു... മരണം ഇങ്ങനെ ഒക്കെ ആവോ എന്ന് വിചാരിച്ചിട്ടുണ്ട്. അവസ്ഥകള്‍ വളരെയധികം മോശമായതുകൊണ്ടു അച്ഛന്‍ ഞങ്ങളോട് ഇന്‍ഡോര്‍ മധ്യപ്രദേശിലുള്ള എന്റെ ഒരു ചെറിയച്ഛന്റെ വീട്ടിലേക്കു പോവാന്‍ പറഞ്ഞു. ഞാനും ചേച്ചിയും അമ്മയും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസില്‍ അന്ന് രാത്രിതന്നെ പോയി.

മാസങ്ങള്‍ക്കു ശേഷം തിരിച്ചു അഹമ്മദാബാദിലേക്കു വന്നു. പഴയ ഗവണ്മെന്റ് ഫ്‌ലാറ്റ് ആണെങ്കിലും ഭുകമ്പത്തില്‍ അത് ഇടിഞ്ഞു പോയില്യ. വീട് പോയാല്‍ എന്തു ചെയ്യുമെന്ന് ആയിരിന്നു അച്ഛന്റെയും അമ്മടെയും ഏറ്റവും വലിയെ പേടി. എന്നാല്‍, എല്ലാം നഷ്ടപെട്ട ആ നാടിനെ മാസങ്ങള്‍ക്കുശേഷം കണ്ടപ്പോ എനിക്ക് പറയാനാവാത്ത വിഷമം തോന്നി... എവിടെനോക്കിയാലും അവശിഷ്ടങ്ങള്‍ മാത്രം. നഷ്ടങ്ങളുടെയും മരണങ്ങളുടെയും വര്‍ത്തകള്‍ കേട്ട് കുറെ മാസങ്ങള്‍ വീട്ടില്‍ത്തന്നെ ഇരുന്നിരിന്നു. സ്‌കൂള്‍ എക്‌സാംസ് എഴുതാതെയാണ് അടുത്ത ക്ലാസിലേക്കു എത്തിയത്...

വര്‍ഷങ്ങള്‍ക്കു ശേഷം പിന്നെയും ഇങ്ങനെ നഷ്ടങ്ങളുടെയും മരണങ്ങളുടെയും വര്‍ത്തകള്‍ കേട്ട് വീട്ടിലിരിക്കുമ്പോ... 19 വര്‍ഷങ്ങള്‍ പിന്നോട്ട് പോയ പോലെ തോന്നി...അന്ന് ഇനി മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കുമെന്നു ഓര്‍ത്തു ഞാന്‍ പേടിച്ചിരുന്നു... എന്നാല്‍, ദൈവാനുഗ്രഹത്താല്‍ ജീവിതം വളരെ അധികം മെച്ചപ്പെടുകയായിരുന്നു... ആ നാടിന്റെയും, എന്റെ കുടുംബത്തിന്റെയും പിന്നെ എന്റെയും...ഈ കൊറോണ കാലവും മാറും. നമ്മള്‍ പൂര്‍വാധികം ശക്തിയോടെ അതിജീവിക്കുകയും ചെയ്യും.ഉണ്ണി കുറിച്ചു

Content Highlights : Unni Mukundan Shares Memory pictures Gujarat Childhood Photos