മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്കായ യുവതാരങ്ങളിൽ ഒരാളാണ് നടൻ ടൊവിനോ തോമസ്. താരം പങ്കുവയ്ക്കുന്ന വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഏറ്റവും പുതിയ വീഡിയോയും അതിന് നടൻ കുഞ്ചാക്കോ ബോബൻ നൽകിയ കമന്റുമാണ് ശ്രദ്ധ നേടുന്നത്. 

കിടന്ന കിടപ്പിൽ മുന്നിലേക്ക് ഉയർന്നു കുതിച്ച് എണീറ്റ് കൂളായി നടന്നു പോവുന്ന ടൊവിനോയെ ആണ് വീഡിയോയിൽ കാണാനാവുക... 'നിനക്ക് പിരാന്താടാ.. അടിപൊളി' എന്നാണ് കുഞ്ചാക്കോ ബോബൻ വീഡിയോയ്ക്ക് കമന്റ് നൽകിയത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. ശരിക്കും ടൊവിനോയ്ക്ക് മിന്നലടിച്ചിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളിയാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. നവംബർ 24ന് നെറ്റ്ഫ്ലിക്സ് വഴി പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ വേഷമിട്ടത്. 

മിന്നൽ മുരളിക്ക് തുടർഭാഗങ്ങൾ ഉണ്ടായേക്കാം എന്ന സൂചന നൽകിയാണ് ചിത്രം അവസാനിപ്പിച്ചത്. രണ്ടാം ഭാഗമുണ്ടാവും എന്ന സൂചന തരുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം ടൊവിനോയും പങ്കുവച്ചിരുന്നു. ‘പറക്കാൻ പഠിക്കുന്നു. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി,’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ടൊവിനോയുടെ വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു.

Content Highlights : Tovino Thomas workout video Minnal Murali Kunchacko Boban comment