ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. സിനിമാ ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ തനിക്ക് പ്രചോദനമായിരുന്ന സൂപ്പർ താരത്തെ നേരിൽ കണ്ട സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. 

"സിനിമാ ജീവിതം ആരംഭിക്കുന്നതിനു മുന്‍പു തന്നെ മികച്ച ശാരീരിക ഘടന സ്വന്തമാക്കുന്നതിന് ഇദ്ദേഹം എനിക്ക് പ്രചോദനമായിരുന്നു. പക്ഷേ ഇന്ത്യയുടെ ഏറ്റവും വലിയ സൂപ്പര്‍താരങ്ങളിലൊരാളായി നില്‍ക്കുമ്പോഴും എത്ര വിനയത്തോടെയാണ് അങ്ങ് പെരുമാറുന്നത് എന്നതാണ് സർ അങ്ങയെ നേരിൽ കണ്ടപ്പോൾ എനിക്കേറ്റവും ആനന്ദം നൽകിയത്. ഇപ്പോള്‍ വിനയത്തിന്‍റെ കാര്യത്തിലും അങ്ങ് എനിക്ക് പ്രചോദനമാണ്. അങ്ങേയ്ക്കൊപ്പം അല്‍പ്പസമയം ചെലവഴിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് സാര്‍", സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.

അടുത്തിടെ മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവരാജ് സിങ്ങിനെ ടൊവിനോ സന്ദർശിച്ചിരുന്നു. സംവിധായകൻ ബേസിൽ ജോസഫും താരത്തിനൊപ്പമുണ്ടായിരുന്നു. 

ടൊവിനോയും ബേസിലും ഒന്നിക്കുന്ന മിന്നൽ മുരളി ഡിസംബറിൽ പ്രദർ‌ശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഇതിന്റെ പ്രമോ ഷൂട്ടുകളുടെ ഭാ​ഗമായാണ് ഇരുവരും മുംബൈയിലെത്തിയത്. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും മറ്റും ആരാധകർ ഏറ്റെടുത്തിരുന്നു. . ക്രിസ്മസ് റിലീസായി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദർശനത്തിനെത്തും.

content highlights : Tovino Thomas meets Salman Khan Minnal Murali movie Basil Joseph