തന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷം ആരാധകരുമായി പങ്കുവച്ച് പ്രിയ താരം ടൊവിനോ തോമസ്. താൻ ഏറെ ആരാധിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ നേരിട്ട് കാണാൻ പറ്റിയതിന്റെ സന്തോഷമാണ് ടൊവിനോ പങ്കുവച്ചിട്ടുള്ളത്. സംവിധായകൻ ബേസിൽ ജോസഫും താരത്തിനൊപ്പമുണ്ടായിരുന്നു. 

“എക്കാലത്തും ഞാൻ താങ്കളുടെ കടുത്ത ആരാധകനായിരുന്നു യുവരാജ് സിങ്ങ്! താങ്കളെ കണ്ടുമുട്ടിയതിലും നിങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചതിലും അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,” യുവരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചു.

ടൊവിനോയും ബേസിലും ഒന്നിക്കുന്ന മിന്നൽ മുരളി ഡിസംബറിൽ പ്രദർ‌ശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ഇതിന്റെ പ്രമോ ഷൂട്ടുകളുടെ ഭാ​ഗമായാണ് ഇരുവരും മുംബൈയിലെത്തിയത്. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും മറ്റും ആരാധകർ ഏറ്റെടുത്തിരുന്നു. . ക്രിസ്മസ് റിലീസായി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രദർശനത്തിനെത്തും.

Content Highlights : Tovino Thomas And Basil Joseph Share Photo with Cricketer Yuvaraj Singh