നടൻ ടൊവിനോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം വൈറലാവുന്നു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് താരങ്ങൾ. 

"ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷം...മലയാള സിനിമയുടെ യഥാർഥ സൂപ്പർഹീറോകൾക്കൊപ്പം..മമ്മൂക്കയും ലാലേട്ടനും..ഞാനിത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയിൽ എന്നെന്നേക്കുമായി സൂക്ഷിക്കാൻ പോവുകയാണ്." ചിത്രം പങ്കുവച്ച് ടൊവിനോ കുറിച്ചു. 

ഞായറാഴ്ച്ച കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകള്‍ കമ്മിറ്റിയിലുണ്ട്.  

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനും മണിയന്‍ പിള്ള രാജുവും വിജയിച്ചു. അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച ലാലും വിജയ് ബാബുവും വിജയം കണ്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു. ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണന്‍ കുട്ടി, സുരഭി, സുധീര്‍ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് വിജയിച്ച മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. 

ട്രഷറര്‍ സിദ്ദിഖും ജോയിന്റ് സെക്രട്ടറി ജയസൂര്യയുമാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 അംഗങ്ങളില്‍ നാല് പേര്‍ വനിതകളാണ്. 

Content Highlights: Tovino shares viral picture with Mammootty and Mohanlal, AMMA general body meeting