ചിലത് അങ്ങിനെയാണ്. സംഭവിക്കുന്നത് ആകസ്മികമായിട്ടാണെങ്കിലും അതിലൊരു കൗതുകം ഉണ്ടാകും. അപ്രതീക്ഷിതമായൊരു കഥ ഒളിഞ്ഞിരിപ്പുണ്ടാകും. കേരളത്തിലെ ഒരു തിയേറ്ററില്‍ സംഭവിച്ചത് അതാണ്. രണ്ട് സിനിമകളുടെ പോസ്റ്ററുകള്‍ അടുത്തടുത് വച്ചപ്പോള്‍ അത് സിനിമയെ വെല്ലുന്നൊരു വൈകാരിക നിമിഷമായി. അത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഹഹദ് ഫാസിലിന്റെ ദിലീഷ് പോത്തന് ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും സല്മാന് ഖാന്റെ ട്യൂബ്ലൈറ്റിന്റെയും പോസ്റ്ററുകള്‍ അടുത്തടുത്ത് വച്ചപ്പോള്‍ ഷൂസ് തോളിലിട്ട് സെല്യൂട്ട് ചെയ്തു നില്ക്കുന്ന സല്മാന് താഴെ തറയില്‍ പേടിച്ചരണ്ടിരുന്ന് ദയനീയമായി നോക്കുന്ന ഫഹദിന്റെ ചിത്രമായി. ആരാധകര്‍ക്ക് കണ്ടുരസിക്കാനുള്ള ഒരു വകയുമായി.
തൊണ്ടിമുതലും ട്യൂബ്ലൈറ്റും തമ്മില്‍ ബോക്സ് ഓഫീസില്‍ ഒരു മത്സരമുണ്ടാകില്ല. എങ്കിലും രണ്ട് ചിത്രങ്ങള്‍ക്കുമായി പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സുല്‍ത്താന്‍ എന്ന സൂപ്പര്ഹിറ്റിനുശേഷമുള്ള സല്‍മാന്റെ ചിത്രമാണിത്. 1962ലെ ഇന്ത്യാ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കബീര്‍ ഖാന് ഒരുക്കുന്ന ചിത്രത്തില്‍ തന്റെ സഹോദരനെ തേടി അലയുന്ന ലക്ഷ്മണ് സിങ് ബിഷ്ട് എന്നയാളുടെ കഥയാണ് പറയുന്നത്. അമേരിക്കന്‍ പടമായ ലിറ്റില്‍ ബോയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട ചിത്രമാണിത്. ലഡാക്കിലായിരുന്നു പ്രധാന ചിത്രീകരണം. ചൈനീസ് താരം ഷു ഷുവാണ് നായിക. നൂറ് കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയത്.
ഇതിലും വലിയ പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകര്‍ ഫഹദിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിക്കും വേണ്ടി കാത്തിരിക്കുന്നത്. മഹേഷിന്റെ പ്രതികാരമെന്ന വമ്പന്‍ ഹിറ്റിനുശേഷം ഫഹദും ദിലീഷ് പോത്തനും കൈകോര്‍ക്കുന്നു എന്നതു തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
മഹേഷിനെ പോലെ തന്നെ അതിഭാവുകത്വമില്ലാത്ത ഒരു കഥപറച്ചില്‍ രീതി തന്നെയായിരിക്കും തൊണ്ടിമുതലിലും ദിലീഷ് അനുവര്ത്തിച്ചിരിക്കുക എന്ന് ഉറപ്പാണ്. ഫഹദിന്റെ മികച്ച അഭിനയവും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, സൗബിന് ഷാഹിര്‍, അലെന്‍സിയര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സജീവ് പാഴൂരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീതമൊരുക്കിയത്. പെരുന്നാള്‍ റിലീസാണ് ചിത്രം.