'മോളേ... കുക്കറില്‍ വയ്ക്കേണ്ട അടുപ്പില്‍ വയ്ക്കണേ, ബ്രഷ് കിട്ടീട്ടില്ല മോളേ... വാഷിങ് മെഷീനിലിട്ടാല്‍ തുണി പൊടിഞ്ഞ് പോവില്ലേ മോളേ.. , എന്റെ തുണി മാത്രം അതില്‍ കഴുകണ്ട....' പൊതുവെ ശാന്തന്‍, മിതഭാഷി.. എന്നാല്‍ ഇദ്ദേഹം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് പോലും ദേഷ്യം വരും. പറഞ്ഞു വരുന്നത് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ അച്ഛന്‍ കഥാപാത്രത്തെക്കുറിച്ചാണ്.
നിമിഷയ്ക്കും സുരാജിനുമൊപ്പം അതിഗംഭീരമായ പ്രകടനമാണ് ഈ അച്ഛന്‍ കാഴ്ചവച്ചത്. പുറമെ കുഴപ്പക്കാരനെന്ന് തോന്നാത്ത എന്നാല്‍ പുരുഷമേധാവിത്വത്തിന്റെ വിഷം ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരുവിഭാഗം ആളുകളുടെ പ്രതിനിധിയാണ് ഈ അച്ഛന്‍ കഥാപാത്രം. കോഴിക്കോട് സ്വദേശിയായ ടി സുരേഷ് ബാബു എന്ന കലാകാരനാണ് അച്ഛനായി തകര്‍ത്തഭിനയിച്ചത്.
സുരേഷ് ബാബുവിന്റെ അഭിനയം കണ്ട് യഥാര്‍ഥ ജീവിതത്തിലെ മരുമകള്‍ അഞ്ജു തച്ചനാട്ട് പങ്കുവച്ച രസകരമായ ഒരു കുറിപ്പ് ശ്രദ്ധനേടുന്നു. ''ആദ്യമൊക്കെ മോളേന്ന് വിളിക്കുമ്പോ ഒന്നും തോന്നില്ലായിരുന്നു. സിനിമ കണ്ടതിനു ശേഷം മോളേന്ന് വിളിക്കുമ്പോ ഉള്ളിലൊരു കാളലാ''- എന്നാണ് അഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സുരേഷ് ബാബുവിന്റെ മകന്‍ ഛന്ദസ് സായിജയുടെ ഭാര്യയാണ് അഞ്ജു.
നാടകരംഗത്ത് നിന്നാണ് സുരേഷ് ബാബു സിനിമയിലെത്തിയത്. കപ്പേളയുടെ സംവിധായകന്‍ മുസ്തഫയുമായുള്ള പരിചയമാണ് സുരേഷ് ബാബുവിനെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെത്തിച്ചത്. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇത്ര വലിയ കുഴപ്പക്കാരനാണ് തന്റെ കഥാപാത്രമെന്ന് അറിഞ്ഞില്ലെന്നും പ്രേക്ഷകരുടെ പ്രതികരണമെല്ലാം ആസ്വദിക്കുന്നുവെന്നും സുരേഷ് ബാബു പറയുന്നു. വിജയ് സേതുപതി, നിത്യമേനോന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന 19 (1) എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അദ്ദേഹം അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Content Highlights: The Great Indian Kitchen Movie actor T suresh Babu, daughter in laws funny Facebook post