നടൻ വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രം ദളപതി 65-ന് കഴിഞ്ഞ ദിവസമാണ് തുടക്കമായത് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ​ഹെ​ഗ്ഡേയാണ് നായിക. ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ കോളിവുഡിലെ ചർച്ചാവിഷയം.

മൂന്ന് കോട് രൂപയാണ് ദളപതി 65-ൽ പൂജയുടെ പ്രതിഫലമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ഇത് താരത്തിന് ഇതേവരെ ലഭിച്ചതിൽ വച്ചേറ്റവും വലിയ പ്രതിഫലത്തുകയാണെന്നും രാജ്യമൊട്ടാകെ താരത്തിന് വർദ്ധിച്ചു വരുന്ന പ്രശസ്തിയുടെ ഭാ​ഗമാണിതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. മറ്റു ഭാഷകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടുണ്ടെങ്കിലും വിജയുമൊത്ത് ഒരു ചിത്രം ചെയ്യാനുള്ള ആ​ഗ്രഹത്തിന്റെ പുറത്ത് ദളപതി 65 സ്വീകരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് റഷ്യയാണ്. കഴിഞ്ഞ ദിവസമാണ് പത്ത് ദിവസത്തെ ഷൂട്ടിനായി അണിയറപ്രവർത്തകർ റഷ്യയിലേക്ക് തിരിച്ചത്.  

ദളപതി 65 ലെ വിജയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇതുവരെ കാണാത്ത റോളിലാകും വിജയ് ചിത്രത്തിലെത്തുക. ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ആളുകളെ കബളിപ്പിക്കുന്നതിൽ പ്രഗത്ഭനായ ഒരാളുടെ വേഷമാവും വിജയ് കൈകാര്യം ചെയ്യുക.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സം​ഗീതം നൽകുന്നത്. പ്രതിനായക വേഷത്തിലെത്തുന്നത് ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ധിഖിയാണെന്ന് റിപ്പോർട്ടുകളുണ്ട്. സൺ പിക്ച്ചേഴ്സ് ആണ് നിർമാണം.

Content Highlights : Thalapathy 65 Vijay Movie Pooja hegde charges three crore as remuneration