ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും രണ്ടാമത്തെ മകന്റെ പേര് വാർത്തകളിലിടം നേടിയിരുന്നു. മകന്റെ പേര് അത് ജഹാം​ഗീർ എന്നാണെന്നാണ് കരീന ഈയിടെ എഴുതിയ പുസ്തകത്തിൽ വെളിപ്പെടുത്തിയത്. 

എന്നാൽ ഇതിന് പിന്നാലെ താരകുടുംബം ട്രോളുകളിൽ നിറയുകയും ചെയ്തു. ഇപ്പോഴിതാ കരീനയ്ക്കും സെയ്ഫിനും പിന്തുണയുമായെത്തുകയാണ് ബോളിവുഡ് താരം സ്വര ഭാസ്കർ. ട്രോളുന്നവർ കഴുതകളാണെന്നാണ് കരീനയെയും സെയ്ഫിനെയും പേരെടുത്ത് പറയാതെയുള്ള സ്വരയുടെ ട്വീറ്റിൽ പറയുന്നത്. 

"ഒരു ദമ്പതി അവരുടെ കുഞ്ഞിന് പേര് നൽകുന്നു. ആ ദമ്പതി നിങ്ങളല്ല.. എന്നാൽ ആ പേര് എന്താണെന്നും എന്തുകൊണ്ട് അത് നൽകിയെന്നുമുള്ള കാര്യത്തിൽ നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ട്, അത് നിങ്ങളുടെ മനസിനുള്ളിലുള്ള പ്രശ്നമാണ്. അത് നിങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണ്...അതുകൊണ്ട് തന്നെ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ കഴുതകൾ.. നിങ്ങളുടെ സ്വന്തം കാര്യം നോക്കൂ.." സ്വര ട്വീറ്റ് ചെയ്തു. 

കരീനയുടെ പിതാവ് രൺധീർ കപൂറാണ് കുഞ്ഞിന്റെ പേര് ജെ എന്നാണെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ പേര് സംബന്ധിച്ച് താരകുടുംബം വാർത്തകളിൽ നിറഞ്ഞു. ജഹാം​ഗീർ എന്നാണ് മകന്റെ പേരെന്നും വിവാദങ്ങളെ പേടിച്ചാണ് താരദമ്പതിമാർ ജെ എന്ന ചുരുക്കപ്പേര് ആക്കിയതെന്നും അന്നേ ട്രോളുകൾ വന്നിരുന്നു. മു​ഗൾ വംശത്തിലെ ചക്രവർത്തിയായ  ജഹാംഗീറിന്റെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണോ കരീന കുഞ്ഞിന് പേരിട്ടതെന്ന് വ്യക്തമല്ല.

നേരത്തെ മൂത്ത മകൻ തൈമൂറിന്റെ പേര് സംബന്ധിച്ച് വലിയ വിമർശനങ്ങൾ സെയ്ഫും കരീനയും നേരിട്ടിരുന്നു. തിമൂറി സാമ്രാജ്യത്തിന്റെ ഭരണാധികാരിയായ സ്വേച്ഛാധിപതിയുടെ പേര്  കരീന മകന് നൽകിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. മനുഷ്യരെ കൂട്ടക്കുരുതി നടത്തിയ രാജാവിന്റെ പേര് മകന് നൽകി എന്നായിരുന്നു വിമർശനം. ജെ എന്ന ഇളയ മകന്റെ പേരും വിമർശനങ്ങളും ട്രോളുകളും ഏറ്റു വാങ്ങിയിരുന്നു.

വിമർശനങ്ങളെ തുടർന്ന് തൈമൂറിന്റെ പേര് മാറ്റാൻ വരെ താൻ ചിന്തിച്ചിരുന്നുവെന്ന് സെയ്ഫ് മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കരീനയാണ് തന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചതെന്നും സെയ്ഫ് പറഞ്ഞിരുന്നു. തൈമൂറിന്റെ പിറകേ പാപ്പരാസികൾ വട്ടമിട്ടു പറക്കുന്നതിനാൽ ഇളയ മകന്റെ ചിത്രങ്ങളോ അധികം വിശേഷങ്ങളോ കരീനയും സെയ്ഫും പുറത്തിവിടാറില്ല. കുഞ്ഞിന്റെ മുഖം മറച്ച ചിത്രങ്ങളാണ് താരങ്ങൾ പുറത്ത് വിട്ടതിലേറെയും.

Content Highlights : Swara Bhaskar slams Trolls criticising name of Saif Ali Khan Kareena Kapoors son Jehangir Ali Khan