മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നും കാമുകൻ റോഹ്മാന്‍ ഷോവലും വേർപിപിരിഞ്ഞു. ഫാഷന്‍ മോഡലാണ് റോഹ്മാൻ. സുസ്മിത തന്നെയാണ് തങ്ങൾ വേർപിരിഞ്ഞ വിവരം ആരാധകരുമായി പങ്കുവച്ചത്. 

"സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരും. എന്നാല്‍ ആ ബന്ധം അവസാനിച്ചു. സ്‌നേഹം നിലനില്‍ക്കുന്നു.".. റോഹ്മാനൊപ്പമുള്ള ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു.

സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെണ്‍കുട്ടികള്‍ക്കും ഒപ്പമായിരുന്നു റോഹ്‌മാന്‍ വര്‍ഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. 

2017 ല്‍ ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് സുസ്മിതയും റോഹ്മാനും പരിചയപ്പെടുന്നത്. ആ സൗഹൃദം പ്രണത്തിന് വഴിമാറുകയായിരുന്നു. പതിനഞ്ച് വയസ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത. 29 വയസാണ് റോഹ്മാന്. ഈ പ്രായവ്യത്യാസത്തിന്റെ പേരിലും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നെങ്കിലും ഇരുവരും അതിനെ പുഞ്ചിരിയോടെയാണ് നേരിട്ടത്.

ഈ പ്രായവ്യത്യാസത്തിന്റെ കാര്യം റോഹ്മാൻ മറച്ചുവച്ചിരുന്നുവെന്ന് ഒരിക്കൽ സുസ്മിത വെളിപ്പെടുത്തിയിരുന്നു. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ‌

"എന്തുകൊണ്ടോ ആദ്യമൊന്നും റോഹ്മാൻ പ്രായം വെളിപ്പെടുത്താൻ തയാറായില്ല. ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു. എത്രയാണ് നിന്റെ പ്രായം ? കാഴ്ചയിൽ വളരെ ചെറുപ്പമാണല്ലോ ?എന്നെല്ലാം. അപ്പോഴൊക്കെ ‘ഊഹിക്കൂ’ എന്നായിരുന്നു അവന്റെ മറുപടി. പിന്നീടാണ് റോഹ്മാൻ ഇത്ര ചെറുപ്പമാണെന്നു ഞാൻ അറിഞ്ഞത്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അവൻ മറുപടി നൽകാതിരുന്നത്. ഈ ബന്ധം ഞങ്ങൾ തിരഞ്ഞെടുത്തതല്ല. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുത്തതാണ് ’’ സുസ്മിത പറയുന്നു.

രണ്ട് പെണ്‍മക്കളാണ് സുസ്മിതയ്ക്ക്. റെനിയും അലിഷയും..2001 ലാണ് സുസ്മിത മൂത്തമകള്‍ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകള്‍ അലിഷയെ 2010 ലും. 

Content Highlights : Sushmita Sen Announces Break Up With Rohman Shawl