മാധവനും ശാലിനിയും സ്‌ക്രീനില്‍ പ്രണയജോടികളായി തകര്‍ത്തഭിനയിച്ച അലൈപായുതേ റിലീസായിട്ട് ഇരുപതു വര്‍ഷമായി. മണിരത്‌നത്തിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ ചിത്രം ഇന്നും യുവതലമുറയ്ക്കിടയില്‍ മാറ്റൊട്ടും കുറയാതെ ജീവിക്കുന്നുവെന്നതാണ് സത്യം. സുപ്രിയ മേനോനും അതു തന്നെയാണ് പറയാനുള്ളത്. അലൈപായുതേ ഇറങ്ങിയിട്ട് 20 വര്‍ഷമായെന്ന് വിശ്വസിക്കാനേ കഴിയുന്നില്ലെന്ന് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു. പ്രണയിക്കാന്‍ കൊതി തോന്നിച്ച സിനിമയാണെന്നും സുപ്രിയ പറയുന്നു.

'ദൈവമേ! ഈ അപൂര്‍വ ഇതിഹാസ പ്രണയകാവ്യം ഇറങ്ങിയിട്ട് 20 വര്‍ഷമായെന്നോ... ഈ സിനിമ കണ്ട് എന്റെ ഹൃദയം തുടിച്ചിട്ടുണ്ട്, രോമാഞ്ചം കൊണ്ടിട്ടുണ്ട്... ഈ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിനു ശേഷമാണ് പ്രണയമെന്ന ആശയത്തോടു തന്നെ പ്രണയം തോന്നിത്തുടങ്ങിയത്.. ഇതിലെ സംഗീതം.. അതും നമ്മെ മറ്റൊരു ലോകത്ത് കൊണ്ടു ചെന്നെത്തിക്കും...' 

പൂര്‍ണിമ ഇന്ദ്രജിത്തും സുപ്രിയയുടെ കമന്റിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്. താനും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചു പുറത്തുപോയി കണ്ട ചിത്രമാണിതെന്നും അതിനാല്‍ തന്നെ വളരെ സ്‌പെഷ്യലാണെന്നും പൂര്‍ണിമ പറയുന്നു. ഇന്ദ്രജിത്ത് പോപ്‌കോണ്‍ പങ്കുവെക്കില്ലെന്നും അന്നാണ് തനിക്ക് മനസ്സിലായതെന്നും പൂര്‍ണിമ തമാശയായി പറയുന്നു.

പ്രണയവും വിരഹവും അതീവ തീവ്രതയോടെ അവതരിപ്പിച്ച ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ജീവിതവുമായി വളരെയധികം റിലേറ്റ് ചെയ്യാന്‍ സാധിച്ച പ്രമേയമായതും ഒരു കാരണമാണ്. പ്രണയം വിവാഹത്തിന് മുന്‍പും ശേഷവും വ്യത്യസ്തമായിരിക്കും. ആ വ്യത്യസ്തതയെ മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ താളപിഴകള്‍ സംഭവിച്ചേക്കാം. എന്നീ ആശയങ്ങളെ അത്രയേറെ റൊമാന്റിക് ആയിത്തന്നെ മണിരത്‌നം വരച്ചുകാട്ടി. എ ആര്‍ റഹ്മാന്റെ സംഗീതം കൂടിയാപ്പോള്‍ അതൊരു പ്രണയോത്സവമായി.

Supriya Menon