ന്റേതെന്ന പേരിൽ പ്രചരിച്ച നമ്പർ മൂലം പുലിവാൽ പിടിച്ച യുവാവിനോട് ക്ഷമ ചോദിച്ച് നടി സണ്ണി ലിയോൺ.

സണ്ണി ലിയോൺ വേഷമിട്ട അര്‍ജുന്‍ പാട്യാല എന്ന സിനിമയാണ് ഇതിനെല്ലാം കാരണമായത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം അവരുടെ ഫോണ്‍ നമ്പര്‍ പറയുന്ന രംഗമുണ്ട്.

ദൗര്‍ഭാഗ്യവശാല്‍ ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത വടക്കന്‍ ഡല്‍ഹി സ്വദേശിയായ പുനീത് അഗര്‍വാള്‍ എന്ന യുവാവിന്റെ നമ്പറായിപ്പോയി അത്. സിനിമ കണ്ടിറങ്ങിയ ചിലര്‍ ഇത് സണ്ണി ലിയോണിന്റെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിച്ചുതുടങ്ങിയതോടെ പുനീതിന്റെ മനസ്സമാധാനം നഷ്ടപ്പെടുകയായിരുന്നു. മാത്രമല്ല, താരത്തിന്റെ ഫോണ്‍ നമ്പര്‍ ഇതാ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലും ഇത് വ്യാപകമായി പ്രചരിച്ചു.

ഇപ്പോള്‍ സൂം ടിവി-ക്ക് നല്‍കിയ അഭിമുഖത്തിലാണ് പുനീതിനോട് സണ്ണി ലിയോൺ മാപ്പു പറഞ്ഞത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും സണ്ണി പറഞ്ഞു. 

ഫോണ്‍വിളികൊണ്ട് പൊറുതിമുട്ടിയ പുനീത് മയൂര എന്‍ക്ലേവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംരംഭകനായ പുനീതിന് ഒരു ചെറിയ സ്ഥാപനമുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പറാണിത്. മാത്രമല്ല, ബാങ്കിങ് ആവശ്യങ്ങള്‍ക്കും മറ്റും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും ഈ നമ്പര്‍ തന്നെ. അതുകൊണ്ട് ഒഴിവാക്കാനും നിവൃത്തിയില്ല. 

ഇതിനെ ഒരു ക്രിമിനല്‍ കേസായി കരുതാനാവില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സിവില്‍ കേസായി പരിഗണിക്കും. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും  പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. 

നമ്പറുമായി ബന്ധപ്പെട്ട വിവാദത്തില്‍ സണ്ണിയ്ക്ക് പങ്കില്ലെന്നാണ് അവരുടെ മാനേജര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്. 'തിരക്കഥയിലുള്ളതുപോലെ സണ്ണി അഭിനയിച്ചു. ഇതെക്കുറിച്ച് പറയേണ്ടത് സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ്'- മാനേജര്‍ പറഞ്ഞു.

Content Highlights : Sunny Karenjit Kaur Phone number Dialogue in film leaves Delhi man in trouble suuny apologize