തെന്നിന്ത്യൻ നടി സോണിയ അ​ഗർവാളിന്റെ വിവാഹവാർത്തയായിരുന്നു കഴിഞ്ഞ ദിവസം കോളിവുഡിലെ സംസാര വിഷയം. സോണിയ രണ്ടാമതും വിവാഹിതയാകാൻ പോവുകയാണെന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും കണ്ട ആരാധകരുടെ കണ്ടെത്തൽ.

ഇനി മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന കുറിപ്പോടെ താലി കെട്ടുന്ന ഒരു ചിത്രം സോണിയ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതോടെ സോണിയ വീണ്ടും വിവാഹിതയാകുന്നുവെന്ന് വാർത്തകൾ പ്രചരിച്ചതിന് പിന്നാലെ താലി കെട്ടിന്റെ വീഡിയോയും താരം പങ്കുവച്ചു. തൊട്ടടുത്ത ദിവസം രണ്ട് ദിവസമേ അവശേഷിക്കുന്നുള്ളു എന്ന കുറിപ്പോടെ വിവാഹമോതിരങ്ങളുടെ ചിത്രവും വിവാഹത്തിനായി ഒരുക്കിയ കാറിന്റെ ചിത്രവും താരം പങ്കുവച്ചു.

എന്നാൽ അഭ്യൂഹങ്ങളെ കാറ്റിൽ പറത്തി ആ വലിയ ട്വിസ്റ്റ് വെളിപ്പെടുത്തിയിരിക്കുകയാണ് സോണിയ. തന്റെ പുതിയ ബിസിനസ് സംരംഭത്തെയാണ് താരം ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. വിവാഹങ്ങൾ നടത്തി കൊടുക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണ് സോണിയ തുടക്കമിട്ടിരിക്കുന്നത്. ടെയ്ൽ ഓഫ് ടു എന്നാണ് കമ്പനിയുടെ പേര്.

കാതൽ കൊണ്ടേൻ എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്ര​ദ്ധേയയായ നടിയാണ് സോണിയ. ചിത്രത്തിന്റെ സംവിധായകനും നടൻ ധനുഷിന്റെ സഹോദരനുമായ സെൽവരാഘവനുമായി പ്രണയത്തിലായ താരം 2006 ലാണ് വിവാഹിതയാവുന്നത്. നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ 2010 ൽ ഇരുവരും വേർപിരിഞ്ഞു.

Content Highlights : Sonia Agarwal Wedding Gossips new business Event Management Venture