ബോളിവുഡ് സൊനാക്ഷി സിന്‍ഹയും രാമായണവും ട്രോളന്‍മാര്‍ക്കും സമൂഹ മാധ്യമങ്ങളിലും ഇപ്പോഴും ഒരു ചര്‍ച്ച വിഷയമാണ്. ഈ സംഭവം നടന്ന് ഇത്രയും കാലമായിട്ടും ഇപ്പോഴും ആളുകള്‍ തന്നെ അതിന്റെ പേരില്‍ ട്രോളുന്നത് എത്ര കഷ്ടമാണെന്ന് പറയുകയാണ് നടി. ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറുമായി നടത്തിയ ഒരു ചര്‍ച്ചയിലാണ് സൊനാക്ഷി ഇതിനെക്കുറിച്ച് സംസാരിച്ചത്. രവിശങ്കറിന്റെ ഹാര്‍ട്ട് ടു ഹാര്‍ട്ട് എന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു സൊനാക്ഷി.

'ഞാന്‍ അന്ന് രുമ ദേവി എന്നൊരു മത്സരാര്‍ഥിക്കൊപ്പമാണ് പങ്കെടുത്തത്. രാമായണത്തിലെ സഞ്ജീവനി ചെടിയെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ എനിക്കും രുമയ്ക്കും പെട്ടെന്ന് പറയാന്‍ സാധിച്ചില്ല. സത്യത്തില്‍ ആ കാര്യത്തില്‍ വല്ലാതെ ചമ്മല്‍ തോന്നുന്നു. കാരണം രാമായണം വായിച്ചും കണ്ടും വളര്‍ന്നവരാണ് നമ്മളെല്ലാം. എന്നാല്‍ ഇതെല്ലാം വളരെ മുന്‍പ് അല്ലെ, എല്ലാവര്‍ക്കും ചില സമയങ്ങളില്‍ ഉത്തരമില്ലാതായി പോകില്ലെ. അത് കഴിഞ്ഞ് അഞ്ചോ ആറോ മാസമായി. അന്ന് സംഭവിച്ച ഒരു അബദ്ധത്തിന്റെ പേരില്‍ ഇപ്പോഴും ആളുകള്‍ എന്നെ ട്രോള്‍ ചെയ്യുന്നത് എത്ര ദുഖകരമാണ്' എന്നാണ് സൊനാക്ഷി ലൈവില്‍ സംസാരിക്കവെ പറഞ്ഞത്. 

കഴിഞ്ഞ വര്‍ഷമാണ് സൊനാക്ഷി സോണി ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന കോന്‍ ബനേഗാ ക്രോര്‍പതിയില്‍ പങ്കെടുത്തത്. അതില്‍ പങ്കെടുക്കവെയാണ് ഹനുമാന്‍ ആര്‍ക്ക് വേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത് എന്ന ചോദ്യം വന്നത്. രാമായണത്തിലെ ഒരു ചോദ്യത്തിന് ലൈഫ്‌ലൈന്‍ ചോദിച്ചപ്പോള്‍ അവതാരകനായ അമിതാഭ് ബച്ചനും നടിയെ കളിയാക്കി. സൊനാക്ഷിയുടെ ബംഗ്ലാവിന്റെ രാമായണ എന്നും അച്ഛന് രാമന്റെ സഹോദരനായ ശത്രുഘ്‌നന്റെ പേരുമാണല്ലോ എന്നും അദ്ദേഹം അന്ന് ചോദിച്ചിരുന്നു. ഇതുകൂടാതെ സൊനാക്ഷിയുടെ സഹോദരന്മാരുടെ പേര് ലവ് കുശ് എന്നാണ്. അതും രാമന്റെ മക്കളുടെ പേര്. എന്നിട്ടും സൊനാക്ഷിക്ക് രാമായണത്തിന്റെ കഥയറിയില്ലേ എന്നാണ്‌ അദ്ദേഹം അന്ന് ചോദിച്ചത്. 

ഇതിന് ശേഷം എവിടെ രാമായണത്തിനെക്കുറിച്ച് പറഞ്ഞാലും അവിടെ സൊനാക്ഷിയുടെ പേര് വരുന്ന അവസ്ഥയായിരുന്നു. ദൂര്‍ദര്‍ശനില്‍ രാമായണം പുനര്‍സംപ്രേഷണം ആരംഭിച്ചപ്പോള്‍ സൊനാക്ഷിയെ പോലുള്ളവര്‍ക്ക് അത് വലിയ സഹായമാകുമെന്നാണ് എല്ലാവരും കളിയാക്കിയത്.

Content Highlights: Sonakshi talks about ramayan trolls to Sri Sri ravishankar on social media live