മലയാളത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങൾ ചേർന്ന് അവതരിപ്പിച്ച ഒരു കിടിലൻ നൃത്ത വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടിമാരായ ഭാവന, രമ്യ നമ്പീശൻ, ശില്പ ബാല, മൃദുല മുരളി ​ഗായിക സയനോര എന്നിവർ ചേർന്ന് മനോഹരമായ നൃത്തച്ചുവടുകൾ വയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു അത്. കൂട്ടുകാരുടെ ഈ രസകരമായ വീഡിയോയ്ക്ക് പിന്തുണയുമായി ആരാധകരെത്തിയെങ്കിലും വിമർശനങ്ങളുമായും ചിലർ രം​ഗത്ത് വന്നു.

വീഡിയോയിലെ സയനോരയുടെയും മറ്റും വസ്ത്രധാരണത്തെ ആക്ഷേപിച്ചുകൊണ്ടും ബോഡിഷെയ്മിങ് നടത്തിയുമായിരുന്നു വിമര്‍ശനങ്ങള്‍.  താരം തന്നെ വിമർശനങ്ങൾക്ക് രസകരമായ മറുപടിയുമായി രം​ഗത്തെത്തുകയും ചെയ്തു. 'എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി' എന്ന ഹാഷ്ടാ​ഗോടെ നൃത്തം ചെയ്യുമ്പോൾ ധരിച്ചിരുന്ന അതേ വേഷത്തിൽ അലസമായി ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു സയനോരയുടെ മറുപടി. 

ഇപ്പോഴിതാ സയനോരയ്ക്കും സുഹൃത്തുക്കൾ‌ക്കും ഐക്യദാർഢ്യവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ​ഗായിക സിതാര കൃഷ്ണകുമാറും സുഹൃത്തുക്കളും. സയനോരയും സംഘവും നൃത്തം ചെയ്ത അതേ ​ഗാനത്തിന് ചുവടുകൾ വച്ചാണ് സിതാരയും സംഘവും പിന്തുണ അറിയിച്ചിരിക്കുന്നത്.

 

'ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് പലപ്പോഴും ഒരു തെറാപ്പിയാണ്. ഞങ്ങൾ ഞങ്ങളാണ്. ചിലപ്പോൾ ഹൃദയം തുറന്ന് ഉറക്കെ ചിരിച്ചേക്കാം, ചിലപ്പോൾ കരഞ്ഞേക്കാം, ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നു. ഇത് വളരെ പ്രധാനമാണ്, ആവശ്യമാണ്...ഇത് ഞങ്ങൾ സയനോരയ്ക്കും അവളുടെ സുഹൃത്തുക്കൾക്കുമായി സമര്‍പ്പിക്കുന്നു'... വീഡിയോയ്ക്കൊപ്പം സിതാര കുറിച്ചു. സിതാരയുടെ വീഡിയോയ്ക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. 

content highlights : sithara krishnakumar and friends post dance video in support of sayanora