ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍ക്ക് വയസ് തൊണ്ണൂറ്റിയൊന്നായി. ഗാനരംഗത്ത് സജീവമല്ലെങ്കിലും സംഗീതസാന്ദ്രമായ ഓർമകളെ ഓമനിച്ച് പൂര്‍ണ ആരോഗ്യവതിയായി വീട്ടില്‍ വിശ്രമിക്കുകയാണ് ലത. ഇക്കഴിഞ്ഞ ദിവസം മനോഹരമയൊരു അപൂര്‍വ ചിത്രം ലത തന്റെ ട്വിറ്റർ  അക്കൗണ്ടില്‍ പങ്കുവച്ചു. നീളൻ മുടി രണ്ടു വശത്തേയ്ക്കും പിന്നിയിട്ട ഒരു ഒന്‍പതുവയസുകാരിയുടെ ചിത്രം.

ആ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പം ലത ഹിന്ദിയില്‍ കുറിച്ചു. 'എനിക്ക് പരിചയമുള്ള ഉപേന്ദ്ര ചിന്‍ചോരെ എന്നൊരാള്‍ ഇന്നെന്നെ വിളിച്ച് ഒരു കാര്യം ഓര്‍മിപ്പിച്ചു. ഞാന്‍ അച്ഛനൊപ്പം സോലാപുരില്‍ എന്റെ ആദ്യത്തെ ശാസ്ത്രീയസംഗീതക്കച്ചേരി അവതരിപ്പിച്ചത് 1938 സെപ്തംബര്‍ ഒന്‍പതിനാണെന്ന്. ആ കച്ചേരിയുടെ നോട്ടീസില്‍ അച്ചടിച്ച എന്റെ ചിത്രമാണിത്. ഞാന്‍ പാടിത്തുടീങ്ങിയിട്ട്  എണ്‍പത്തിമൂന്ന് വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല.'

ആരാധകര്‍ പ്രിയ ഗായികയുടെ പഴയ ചിത്രത്തെ രണ്ട് കൈയും നീട്ടിയാണ് സ്വീകരിച്ചിക്കുന്നത്. ലൈക്കുകളും റീട്വീറ്റുകളും ഹൃദയംതുറന്ന കമന്റുകളുമായി അവരത് ആഘോഷമാക്കിമാറ്റി.

വിഖ്യാത ഗായകന്‍ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌ക്കറുടെ മൂത്ത മകളായ ലത അഞ്ചാം വയസില്‍ അച്ഛനിൽ നിന്നു തന്നെയാണ് ശാസ്ത്രീയസംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കുന്നത്. പിന്നീട് അച്ഛന്റെ സംഗീതനാടകങ്ങളില്‍ കൊച്ചുകൊച്ചു വേഷങ്ങള്‍ ചെയ്തു. പിന്നീട് 1942ല്‍ അച്ഛന്റെ മരണശേഷമാണ് ലത പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം ചരിത്രം. ഇന്ന് ഏതാണ്ട് ആയിരത്തിലധികം ഹിന്ദി ചിത്രങ്ങളിലും മുപ്പത്തിയാറ് പ്രാദേശിക ഭാഷകളിലും ലത പാടിക്കഴിഞ്ഞു.

Content Highlights: Singer Lata Mangeshkar Shares her rare Childhood Photo