കിടിലൻ മേക്കോവർ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് തമിഴ് നടൻ ചിമ്പു. ​ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന 'വെന്ത് തനിന്തത് കാട്' എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റ  നന്നേ മെലിഞ്ഞുള്ള ഈ ​ഗെറ്റപ്പ്. താരത്തിന്റെ കഠിനാധ്വാനത്തിനും ആത്മസമർപ്പണത്തിനും കയ്യടിക്കുകയാണ് ആരാധകർ.

വിണ്ണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പു-ഗൗതം മേനോൻ-എ.ആർ റഹ്മാൻ കോമ്പോ ഒരുമിക്കുന്ന പുതിയ ചിത്രമാണ് 'വെന്ത് തനിന്തത് കാട്'. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.
തിരുച്ചെന്തൂരിലാകും ചിത്രീകരണം. വേൽസ് ഫിലിം ഇന്റർനാഷണൽ ആണ് നിർമാണം. താമരൈയാണ് ​ഗാനരചന.

നേരത്തെ 'നദികളിലെയ് നീരാടും സൂരിയൻ എന്നായിരുന്നു ചിത്രത്തിന് നൽകിയിരുന്ന പേര്.

ചിലമ്പരശനെ നായകനാക്കി 2010 ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോൻറെയും സിമ്പുവിന്റെയും കരിയറിലെ വിജയ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ്.

പിന്നീട് 2016 ൽ 'അച്ചം യെൻപത് മദമയെടാ' എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയെങ്കിലും വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. മലയാളി താരം മഞ്ജിമ മോഹനായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.

ഈ ലോക്ഡൗൺ കാലത്ത് 'വിണ്ണൈതാണ്ടി വരുവായ' ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോൻ ഒരുക്കിയ 'കാർത്തിക് ഡയൽ സെയ്താ യേൻ' എന്ന ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

content highlights : Simbu makeover transformation for Gautham Menon A R Rahman Movie Vendhu Thaninthathu Kaadu