ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി, അമിതാഭ് ബച്ചന്‍ 77-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈയവസരത്തില്‍ ബച്ചന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അച്ഛന്റെ മകള്‍ ശ്വേത.

ഉയരങ്ങളിലെത്തിയെങ്കിലും ഇനിയുമേറെ ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടേ എന്നാശംസിച്ചുകൊണ്ട് അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചു. 

''പര്‍വതത്തിന്റെ മുകളില്‍ താങ്കള്‍ എത്തിയാലും, കയറ്റം തുടരുക - ജന്മദിനാശംസകള്‍ പപ്പാ... ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു,''ശ്വേത കുറിച്ചു.

Shweta Bachchan

വീടെന്നത് ഒരു സ്ഥലമല്ല, ഒരു വ്യക്തിയാണ് എന്ന ക്യാപ്ഷനോടെ ബച്ചനൊപ്പമുള്ള ഒരു കുട്ടിക്കാലചിത്രവും ശ്വേത പങ്കുവച്ചിരുന്നു.

Shweta Bachchan

ഇന്ത്യന്‍ സിനിമയുടെ ഷെഹന്‍ഷായായും ഡോണായും ക്ഷുഭിത യൗവ്വനത്തിന്റെ മുഖമായും മാറിയ അഭിനയ പ്രതിഭയാണ് അമിതാഭ് ബച്ചന്‍. മതിയാവോളം ഗാംഭീര്യമില്ലെന്നു പറഞ്ഞ് ആകാശവാണി തിരസ്‌കരിച്ച ശബ്ദം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ദശകങ്ങളോളം ഇദ്ദേഹം കൈപ്പിടിയിലൊതുക്കി. 

സഞ്ജീറില്‍ കാക്കിയണിഞ്ഞും ബോളിവുഡ് സുന്ദരിമാര്‍ക്കൊപ്പം റൊമാന്റിക് ഹീറോയായും സ്‌ക്രീനില്‍ നിറഞ്ഞാടി. ഇടയ്ക്ക് അഭിനയത്തിന് ഇടവേള പ്രഖ്യാപിച്ചെങ്കിലും മിനിസ്‌ക്രീനിലൂടെ അദ്ദേഹം ശക്തമായ തിരിച്ചു വരവ് നടത്തി. ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വയ്ക്കുന്ന സിനിമകളായിരുന്നു രണ്ടാംവരവില്‍ ബിഗ് ബിയുടെത്. 

ഓര്‍മകള്‍ മാഞ്ഞുപോകുന്ന അധ്യാപകനായി ബ്ലാക്കിലും അപൂര്‍വ്വരോഗത്തിന്റെ പിടിയില്‍പ്പെട്ട പന്ത്രണ്ടുകാരനായി പായിലും ബിഗ് ബി പ്രത്യക്ഷപ്പെട്ടു. വാശിക്കാരനായ അച്ഛനായി പികുവിലും അഭിഭാഷകനായി പിങ്കിലും പ്രത്യക്ഷപ്പെട്ട അമിതാഭ് പ്രേക്ഷകനെ പരിപൂര്‍ണ സംതൃപ്തനാക്കി. സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ രാജ്യം ഇദ്ദേഹത്തിനു സമ്മാനിച്ചു.

Content Highlights : Shweta bachchan Birthday Wishesh To Amitabh Bachchan