ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളെ ചൂടുപിടിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിനിടയില്‍ നടനും സംവിധായകനുമായ അനുരാഗ് ബസു കാണിച്ച ഒരു കുടംകൈ ഇത്തിരി കടന്നുപോയില്ലെ എന്നൊരു സംശയം.

വിനോദ വെബ്‌സൈറ്റായ പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സോണി ടിവിയിലെ സൂപ്പര്‍ ഡാന്‍സിന്റെ ഷൂട്ടിങ്ങിനിടെ അനുരാഗ് കാട്ടിയ കുസൃതിയില്‍ ശരിക്കും പരിഭ്രാന്തയായിപ്പോയി ശില്‍പ. ഷോയുടെ വിധികര്‍ത്താക്കളാണ് അനുരാഗ് ബസുവും ശില്‍പയും.

ഷോയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ അനുരാഗ് പതുക്കെ ശില്‍പയുടെ ഫോണ്‍ കൈക്കലാക്കി അമ്മയ്‌ക്കൊരു മെസേജ് അയച്ചു. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി വലിയ പ്രശ്‌നമാണെന്നും ഉടനെ വിവാഹമോചനം വേണം എന്നുമായിരുന്നു മെസേജിന്റെ ഉള്ളടക്കം. തന്റെ ഫോണില്‍ നിന്ന് അമ്മയ്ക്ക് ഇത്തരമൊരു മെസേജ് പോയ വിവരമൊന്നും ശില്‍പ പക്ഷേ, അറിഞ്ഞില്ല. മറ്റൊരു വിധകര്‍ത്താവായ ഗീത കപൂറാണ് ഈ സംഗതി പൊട്ടിച്ചത്. സംഭവം കേട്ടതും ശില്‍പ ആകെ പരിഭ്രാന്തിയായി. ഉടനെ ഒരു ഇടി കൊടത്ത് അനുരാഗില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി അമ്മയെ വിളിച്ചു.

'അമ്മേ പേടിക്കാനൊന്നുമില്ല. ഇവിടെ കുഴപ്പമൊന്നുമില്ല. അനുരാഗ് ദാദയാണ് ഈ മെസേജ് അമ്മയ്ക്ക് അയച്ചത്. ഞാന്‍ ഗര്‍ഭിണിയാണെന്നോ വിവാഹമോചനം നേടുകയാണെന്നോ ഒക്കെ പറയുന്ന മെസേജുകള്‍ വരികയാണെങ്കില്‍ ഞാന്‍ വന്ന് നേരിട്ട് പറയുന്നതുവരെ വിശ്വസിക്കരുതേ' എന്നുമാണ് പേടിച്ചുകൊണ്ട് ശില്‍പ അമ്മയോട് പറഞ്ഞ് ഒപ്പിച്ചത്. ശില്‍പയുടെ ഫോണ്‍ വന്നതിനുശേഷമാണ് അമ്മയ്ക്കും ശ്വാസം നേരെ വീണത്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേക അതിഥിയായ ഫറ ഖാനും ഉണ്ടായിരുന്നു സ്റ്റുഡിയോയില്‍.

Content Highlights: Shipa Shetty Anurag Kashyap Raj Kundra Super Dancer Bollywood Prank