വിവാഹ വാർഷിക ദിനത്തിൽ കുറിപ്പുമായി ബോളിവുഡ് നടി ശിൽപ ഷെട്ടി. 12ാം വിവാഹ വാർഷികമാഘോഷിക്കുകയണ് ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും. 

‘12 വർഷം മുമ്പുള്ള ഈ നിമിഷം ഈ ദിവസം ഞങ്ങൾ ഒരു വാഗ്ദാനം കൈമാറി. അതിപ്പോഴും നിറവേറ്റുന്നു. നല്ല നിമിഷങ്ങൾ പങ്കിടാനും പ്രയാസകരമായ സമയങ്ങൾ ഒന്നിച്ച് നേരിടാനും സ്നേഹത്തിലും നമുക്ക് വഴി കാണിക്കുന്ന ദൈവത്തിലും വിശ്വസിക്കാനും..ഒന്നിച്ച് ഓരോ ദിനവും. 

12 വർഷങ്ങൾ, ആശംസകൾ പ്രിയപ്പെട്ടവനേ. നിരവധി വർണാഭമായ നിമിഷങ്ങൾ, ചിരികൾ, നേട്ടങ്ങൾ, നമ്മുടെ ഏറ്റവും വിലപ്പെട്ട സ്വത്ത്... നമ്മുടെ കുട്ടികൾ.

എപ്പോഴും കൂടെയുണ്ടായിരുന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി’’.. വിവാഹ ഫോട്ടോയ്ക്കൊപ്പം ശിൽപ കുറിച്ചു.

അടുത്തിടെ നീലച്ചിത്ര നിർമാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര അറസ്റ്റിലായത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ ഇരുവരും വിവാഹമോചിതരാകാൻ ഒരുങ്ങുകയാണെന്നും വാർത്തകൾ നിറഞ്ഞു. എന്നാൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയും തങ്ങളെ മാനസികമായി തളർത്തുകയും ചെയ്തവർക്കുള്ള മറുപടിയാണ് താരത്തിന്റെ ഈ കുറിപ്പെന്നാണ് ആരാധകർ പറയുന്നത്. 

2009-ലായിരുന്നു രാജ് കുന്ദ്രയും ശില്‍പ്പ ഷെട്ടിയും തമ്മിലുള്ള വിവാഹം. വിയാന്‍, സമീഷ എന്നിവരാണ് ഇവരുടെ മക്കള്‍.

Content Highlights : Shilpa Shetty Wishes Raj Kundra On their Wedding Anniversary