ഏത് ആഘോഷമാണെങ്കിലും ​ഗംഭീരമാക്കാറുള്ള ബോളിവുഡ് താരമാണ് ശിൽപ ഷെട്ടി. കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തിയ വർഷമായതിനാൽ തന്നെ ഈ വർഷത്തെ ഉത്സവങ്ങളെല്ലാം ശിൽപയ്ക്കും കുടുംബാംഗങ്ങൾക്കും പ്രത്യേകത നിറഞ്ഞതാണ്. എന്നാൽ ഇത്തവണ കോവിഡ് പ്രതിസന്ധി മുന്നിൽ നിൽക്കുന്നതിനാൽ ലളിതമായിട്ടായിരുന്നു താരത്തിന്റെ വിനായക ചതുർഥി ആഘോഷങ്ങൾ. വീട്ടിൽ ഒരു കുഞ്ഞും വയസായ മാതാപിതാക്കളും ഉള്ളതിനാൽ ആശങ്കകൾ ഒഴിവാക്കാൻ കുടുംബാം​ഗങ്ങൾ മാത്രമുള്ള ചടങ്ങാണ് ഇത്തവണ താരം സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയിൽ പങ്കുവച്ചിട്ടുണ്ട്. ഏറെ മുൻകരുതലുകൾ എടുത്താണ് ഇത്തവണത്തെ വിനായക ചതുർഥി ആഘോഷങ്ങൾ സംഘടിപ്പിച്ചതെന്ന് പറയുകയാണ് ശിൽപ. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

സുരക്ഷാ മുൻകരുതലുകളോടെയാണ് ഉത്സവത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയതെന്ന് പറയുകയാണ് ശിൽപ. താനും ജോലിക്കാരും ചേർന്നാണ് വീട് അലങ്കരിച്ചത്. എല്ലാ വസ്തുക്കളും സാനിറ്റൈസ് ചെയ്തു. കൂടാതെ 13 ദിവസമായി പൂജാരിയെ ക്വാറന്റൈൻ ചെയ്യുകയും ചെയ്തു. ശിൽപ പറയുന്നു. എട്ട് വർഷങ്ങൾക്ക് മുൻപ് മകൻ വിയാന്റെ ചോറൂൺ നടത്തിയത് വിനായക ചതുർഥി ദിനത്തിലായിരുന്നുവെന്നും ഈ വർഷം സമീഷ വന്ന ശേഷമുള്ള ആദ്യ ആഘോഷമാണെന്നും ആരോ​ഗ്യത്തോടെ ഈ ദിനം കൊണ്ടാടാൻ കഴിയുന്നതിൽ ഏറെ കൃതഞ്ജതയുണ്ടെന്നും ശിൽപ പറയുന്നു.

വാടക ​ഗർഭധാരണത്തിലൂടെയാണ് ശിൽപയ്ക്കും ഭർത്താവ് രാജ് കുന്ദ്രെയ്ക്കും മകൾ സമീഷ ജനിക്കുന്നത്. ശിൽപ്പ-രാജ് കുന്ദ്ര ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. എട്ടുവയസ്സുകാരനായ വിയാൻ എന്ന മകൻ കൂടി അവർക്കുണ്ട്. 2009 ലാണ് രാജ് കുന്ദ്രയെ ശിൽപ്പ വിവാഹം ചെയ്യുന്നത്.

Content Highlights : Shilpa Shetty about Ganesha Chathurthi Festival Safety Measures sanitation Covid protocol Shilpa Shetty Family