തെന്നിന്ത്യയാകെ ഇളക്കിമറിച്ച സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു അര്‍ജുന്‍ റെഡ്ഢി. തെലുങ്ക് ചിത്രമായിരുന്നുവെങ്കിലും വിജയ് ദേവരെക്കൊണ്ട എന്ന യുവനടന്റെ പ്രകടനം കണ്ട് മലയാളികള്‍ പോലും ആവേശം കൊണ്ട ചിത്രമായിരുന്നു അത്. നിരൂപകപ്രശംസകള്‍ ഒട്ടേറെ നേടിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് കബീര്‍ സിങ്. ഉടനെ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറാണ് നെഗറ്റീവ് ടച്ചുള്ള നായകവേഷം ചെയ്യുന്നത്.

ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷാഹിദ് കപൂര്‍ അടക്കമുള്ള താരങ്ങളും അണിയറപ്രവര്‍ത്തകരും. അതിനിടയില്‍ ചിത്രത്തിലെ നായികാകഥാപാത്രമായെത്തുന്ന കിയാരയോട് ഒരാള്‍ ചോദിച്ച ചോദ്യം ഷാഹിദിനെ ചൊടിപ്പിച്ചു. ട്രെയിലറില്‍ ഷാഹിദ് ചുംബിക്കുന്ന രംഗങ്ങള്‍ കണ്ടുവെന്നും എന്നാല്‍ മുഖത്ത് ഭാവവ്യത്യാസമില്ലാതെ എങ്ങനെ നില്‍ക്കാനായെന്നുമായിരുന്നു കിയാരയോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. പ്രതികരിക്കാതെ കിയാര ചിരിച്ചു. ചോദ്യം കേട്ട് ഷാഹിദ് പുരികം ചുളിച്ചുകൊണ്ട് താങ്കള്‍ക്ക് കാമുകിയില്ലേയെന്നു തിരിച്ചു ചോദിച്ചു. ചോദ്യം ചോദിച്ചയാള്‍ പിന്നെയും അതേ വിഷയം ആവര്‍ത്തിച്ചപ്പോള്‍ ഷാഹിദ് നൽകിയ മറുപടി ഇതായിരുന്നു ...നിങ്ങൾ എന്ത് കൊണ്ടാണ്  ചുംബന രംഗങ്ങളെ കുറിച്ച് മാത്രം ചോദിച്ചു കൊണ്ടിരിക്കുന്നത്. ആ ചിത്രത്തിൽ മനുഷ്യരും വേഷമിട്ടിട്ടുണ്ട് നിങ്ങൾക്കറിയുമോ?? ഷാഹിദിന്റെ മറുപടി കാണികള്‍ക്കിടയില്‍ കൈയടിയും ചിരിയും ഉയര്‍ത്തി.