പ്രണയവും പ്രണയപരാജയവുമൊക്കെ ബോളിവുഡില്‍ സ്ഥിരം സംഭവമാണ്. അത്തരത്തില്‍ നിരവധി പ്രണയ കഥകളിലെ നായകനാണ് ഷാഹിദ് കപൂര്‍. എന്നാല്‍ അതെല്ലാം പഴങ്കഥകളാക്കി മിറ രാജ്പുതിനെ വിവാഹം ചെയ്ത ഷാഹിദ് രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനുമാണ്.

ഇപ്പോള്‍ തന്റെ പ്രണയ ബന്ധങ്ങളെക്കുറിച്ച്‌ മനസ്സ്‌ തുറന്നിരിക്കുകയാണ് ഷാഹിദ് കപൂര്‍. 'കോഫീ വിത്ത് കരണ്‍' എന്ന പരിപാടിയിലാണ് ഷാഹിദ് തന്റെ പൂര്‍വകാമുകിമാരെക്കുറിച്ച് പങ്കുവച്ചത്‌. സഹോദരനും നടനുമായ ഇഷാന്‍ ഖട്ടറുമൊത്താണ് ഷാഹിദ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. മുന്‍ കാമുകിമാരായ കരീനയെയും പ്രിയങ്കയെയും കുറിച്ചുളള ഷാഹിദിന്റെ പരാമര്‍ശങ്ങള്‍ ബോളിവുഡില്‍ ചര്‍ച്ചയാവുകയാണ്.

മുന്‍ കാമുകിമാരില്‍ പ്രിയങ്കയെയാണോ കരീനയെയാണോ മറക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് കരണ്‍ ജോഹര്‍ ചാറ്റ് ഷോയില്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് അല്‍പം പോലും ചിന്തിക്കാതെയായിരുന്നു ഷാഹിദ് കരണിന് മറുപടി നല്‍കിയത്. രണ്ട് ബന്ധങ്ങളും മറക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ താരം  അതിനുള്ള കാരണവും വെളിപ്പെടുത്തുന്നുണ്ട്. രണ്ട് ബന്ധങ്ങളില്‍ നിന്നും താന്‍ പല കാര്യങ്ങളും പഠിച്ചന്നിട്ടുണ്ടെും അന്നുണ്ടായ ആ അനുഭവങ്ങളാണ് ഇന്ന് തന്നെ ഈ നിലയില്‍ എത്തിച്ചതെന്നും ഷാഹിദ് പറയുന്നു. 

പ്രിയങ്കയാണോ കരീനയാണോ നല്ല നടിയെന്ന കരണിന്റെ ചോദ്യത്തിന് ഷാഹിദ് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു. കഴിവുളള നടിയാണ് കരീന. ആത്മാര്‍ഥയും കഠിനാധ്വാനിയുമായ നടിയാണ് പ്രിയങ്ക എന്നുമാണ് ഷാഹിദ് മറുപടി നല്‍കിയത്. കരീന കപൂറുമായിട്ടുള്ള പ്രണയം ഏറെ നാള്‍ നീണ്ടു നിന്നിരുന്നു. എന്നാല്‍ പ്രിയങ്കയുമായുള്ള പ്രണയം അങ്ങനെയായിരുന്നില്ലെന്നും ഷാഹിദ് ചാറ്റ് ഷോയിലൂടെ വെളിപ്പെടുത്തി.

Content Highlights : Shahid Kapoor About Exes Priyanka chopra Kareena Kapoor Karan Johar coffee With Karan Shahid