ബി​ഗ് ബോസ് മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാന്റെ വിവാഹം വാർത്തയായിരുന്നു. സിനിമയുടെ ​ഗ്ലാമർ ലോകത്ത് നിന്നും വിടപറഞ്ഞ് ആത്മീയ വഴി സ്വീകരിക്കുന്നുവെന്ന് താരം വ്യക്തമാക്കിയതിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു വിവാഹം. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭർത്താവ്.

ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ടും സിനിമ ഉപേക്ഷിക്കാനുള്ള സനയുടെ തീരുമാനവും ഏറെ ചർച്ചകൾക്കും ട്രോളുകൾക്കും വഴി വച്ചിരുന്നു. ഇപ്പോഴിതാ ഈ ചർച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് സനയും ഭർത്താവും. സന സിനിമ ഉപേക്ഷിക്കാനുള്ള കാരണം അനസ് ആയിരുന്നുവെന്നും ​ഗോസിപ് കോളങ്ങളിൽ വാർത്ത പരന്നു. എന്നാൽ ഇത് നിഷേധിക്കുകയാണ് അനസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.

"ഇന്ന രീതിയിൽ ജീവിക്കണമെന്ന് ഞാൻ സനയെ നിർബന്ധിച്ചിട്ടില്ല. ആറ് മാസങ്ങൾക്ക് മുമ്പ് സന തന്നെയാണ് താൻ ഹിജാബ് സ്വീകരിക്കുന്നതായി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. സിനിമ ഉപേക്ഷിക്കാനുള്ള സനയുടെ തീരുമാനം എന്നെയും ഞെട്ടിച്ചു. സനയെ വിവാഹം ചെയ്യാൻ സാധിക്കണമെന്നാണ് ഞാൻ ദൈവത്തോട് പ്രാർഥിച്ചത്. അത് ദൈവം കേട്ടു. മറ്റാരെയെങ്കിലും വിവാഹം ചെയ്തിരുന്നെങ്കിൽ താൻ ഇത്രയും സന്തോഷവനായിരിക്കുമെന്ന് തോന്നുന്നില്ല. കളങ്കമില്ലാത്ത ഹൃദയമാണ് സനയുടേത്. എന്നെ പരിപൂർണനാക്കുന്ന ഒരുവളെയാണ് ഞാൻ തേടിയിരുന്നത്. ഇന്നും ആളുകൾ എന്നോട് ചോദിക്കാറുണ്ട് എങ്ങനെയാണ് ഞാനൊരു സിനിമാ നടിയെ വിവാഹം ചെയ്തതെന്ന്. ഇടുങ്ങിയ ചിന്താ​ഗതിക്കാരാണവർ. ഇതെന്റെ ജീവിതമാണ് . അത് ചോദ്യം ചെയ്യാൻ ആർക്കും അനുവാ​ദമില്ല, ഞങ്ങൾ പരസ്പരം ചേരില്ലെന്ന് ആർക്കും ചിന്തിക്കാം, പക്ഷേ യഥാർത്ഥത്തിൽ ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്". അനസ് പറയുന്നു

അനസിനെ വിവാഹം ചെയ്യാനുള്ള തീരുമാനം ഒരു രാത്രികൊണ്ട് എടുത്തതല്ലെന്ന് പറയുന്നു സന. "അനസിനെ പോലൊരാളെ ഭർത്താവായി ലഭിക്കാനായിരുന്നു എല്ലാ നാളും പ്രാർത്ഥിച്ചിരുന്നത്. വളരെ മാന്യനായ വ്യക്തിയാണ് അദ്ദേഹം, മുൻവിധിയോടെ കാര്യങ്ങളെ കാണുന്നയാളല്ല."

തങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകളോടും സന പ്രതികരിച്ചു. അദ്ദേഹം സുന്ദരനാണെന്ന് എനിക്കറിയാം. ഒരുപക്ഷേ നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ലായിരിക്കാം. അത് ഞാൻ കാര്യമാക്കുന്നില്ല. സന പറയുന്നു.

2017 ൽ മക്കയിൽ വച്ചാണ് സനയും അനസും കണ്ടുമുട്ടുന്നത്. പിന്നീട് 2018 ൽ ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കാനായാണ് വീണ്ടും അനസുമായി സന ബന്ധപ്പെടുന്നത്. ഈ അടുപ്പമാണ് വിവാഹത്തിലേക്ക് എത്തിച്ചത്.

Content Highlights : Sana Khan and Husband Anas on their marriage Trolls