സൗബിന്‍ സാഹിര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന സുഡാനി ഫ്രം നൈജീരിയ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിലെ സുഡാനിയായി വേഷമിട്ട സാമുവല്‍ റോബിന്‍സണിനെയും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ കുറച്ചു നാളായി വലിയ സങ്കടത്തിലായിരുന്നു സുഡുമോന്‍. അതിന്റെ കരണക്കാരനാവട്ടെ മലയാളത്തിന്റ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും.
ആദ്യ ചിത്രത്തിന് മുന്‍പ് മലയാള സിനിമയെ കുറിച്ച് ഒരു ഗവേഷണം നടത്തിയ സുഡുമോന്‍ കുഞ്ഞിക്കയുടെ കട്ട ഫാനായിത്തീർന്നു. നേരില്‍ കണ്ടിട്ടില്ലെങ്കിലും താന്‍ ദുല്‍ഖറിന്റെ ആരാധകനാണെന്നും സൂപ്പര്‍ സ്റ്റാറിന്റെ മകനെന്ന ലേബല്‍ ഉപയോഗിക്കാതെ സ്വന്തം പ്രയത്‌നം കൊണ്ട് വളര്‍ന്നുവന്ന താരമാണ് ദുല്‍ഖറെന്നും പറഞ്ഞ് സാമുവല്‍ ദുല്‍ഖറിന് ട്വീറ്റും ചെയ്തിരുന്നു.
എന്നാല്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ട്വീറ്റിന് മറുപടി നല്കിയില്ലെന്നുള്ള വിഷമവും സാമുവല്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ സാമുവലിന്റെ ട്വീറ്റിന് മറുപടി നല്‍കുക മാത്രമല്ല ഇന്‍സ്റ്റഗ്രാമില്‍ സാമുവലിനെ ഫോളോ ചെയ്യുകയും ചെയ്തിരിക്കുകയാണ്. സാമുവല്‍ തന്നെയാണ് ഈ സന്തോഷം ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവച്ചത്.
തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണെന്നും തനിക്കിത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അവസാനം ദുല്‍ഖര്‍ തനിക്ക് മറുപടി നല്‍കുകയും തന്നെ ഫോളോ ചെയ്യുകയും ചെയ്‌തെന്ന് പറഞ്ഞു കണ്ണീര്‍ പൊഴിക്കുകയാണ് സുഡുമോന്‍.
അതേസമയം സാമുവലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടും താന്‍ കണ്ടിടത്തോളം സൗബിനും സാമുവലും തകര്‍ത്തിട്ടുണ്ടെന്നും തിരിച്ചെത്തിയാലുടന്‍ താന്‍ തീര്‍ച്ചയായും ചിത്രം കണ്ടിരിക്കുമെന്നും പറഞ്ഞാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Samuel Robinson sudani from nigeria gets reply from dulquer salman sudani soubin shahir