തെന്നിന്ത്യന്‍ സുന്ദരി സാമന്ത പ്രഭുവും തെലുങ്ക് താരം നാഗചൈതന്യയും  പ്രണയത്തിലായതും വിവാഹം നിശ്ചയിച്ചതുമെല്ലാം ആരാധകര്‍ക്ക് പുതിയ വാര്‍ത്തയല്ല. എന്നാൽ ഇവരുടെ പ്രണയം വിവാഹത്തിലേയ്ക്ക് വഴിമാറിയതിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. സാമന്തയുടെ ഒരു ഭീഷണിയുടെ കഥ. സാമന്തയുടെ ഭീഷണി കാരണമാണ് താൻ പ്രണയം വീട്ടിൽ അറിയിച്ചതെന്ന് നാഗചൈതന്യ തന്നെയാണ് തുറന്നു പറഞ്ഞത്.

''2009ൽ ചിത്രീകരിച്ച  യെ മായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലാണ്  ഞങ്ങൾ ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തെ തുടര്‍ന്ന് സൗഹൃദത്തിലായ ഇരുവര്‍ക്കുമിടയിൽ പതിയെ പ്രണയം തല പൊക്കുകയായിരുന്നു. എന്നാൽ ഞാൻ വീട്ടുകാരെ അറിയിക്കാതെ വളരെ രഹസ്യമായാണ് പ്രണയിച്ചത്. സാമന്ത പലതവണ വീട്ടുകാരെ അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാൻ കൂട്ടാക്കിയില്ല.

എന്നാൽ ഒരിക്കൽ  ചാറ്റിങ്ങിനിടയിൽ പ്രണയം വീട്ടിൽ തുറന്ന് പറഞ്ഞില്ലെങ്കിൽ രാഖി കെട്ടി എന്നെ സഹോദരനാക്കുമെന്ന് സാമന്ത ഭീഷണിപ്പെടുത്തി. ഈ ഭീഷണി എന്നെ ഞെട്ടിച്ചു. അതിനുശേഷമാണ് ഞാൻ വീട്ടിൽ ഞങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ ഞങ്ങളുടെ വിവാഹം നിശ്ചയിക്കുകയാണ് ഉണ്ടായത്.''-നാഗചൈതന്യ പറഞ്ഞു.

യെ മായ ചേസാവെക്ക് പിന്നാലെ  ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇവര്‍ നായികാ നായകന്മാരായെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ഒക്ടോബറിലാണ് വിവാഹം.