താരദമ്പതിമാരായ സാമന്തയും നാ​ഗചൈതന്യയും വിവാഹമോചിതരാകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിന്റെ ഭാ​ഗമായി സാമന്ത ഹൈദരാബാദിൽ നിന്നും മുംബൈയിലേക്ക് താമസം മാറുകയാണെന്നും വാർ‌ത്തകൾ പുറത്ത് വന്നു. ഇപ്പോഴിതാ തന്റെ വീടുമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സാമന്ത. ഇൻസ്റ്റാ​ഗ്രാമിൽ ആരാധകരുമായി സംവദിക്കവേയാണ് താരത്തിന്റെ പ്രതികരണം.

"ഈ അഭ്യൂഹങ്ങൾ എവിടെ നിന്നാണ് പ്രചരിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ പ്രചരിക്കുന്ന നൂറായിരം കിംവദന്തികൾ പോലെ ഇതും സത്യമല്ല. ഹൈദരാബാദ് ആണ് എന്റെ വീട്. അതെന്നും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. ഹൈദരാബാദ് എനിക്കെല്ലാം നൽകുന്നുണ്ട്. ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നത് തുടരും." സാമന്ത വ്യക്തമാക്കി.

ഏകദേശം നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം താരദമ്പതിമാർ വേർപിരിയുന്നുവെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇരുവരും ഈ പ്രചരണങ്ങളോട് ഔ​ദ്യോ​ഗിക പ്രതികരണം അറിയിച്ചിട്ടില്ല. സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് തന്റെ പേരിനൊപ്പമുണ്ടായിരുന്ന നാ​ഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി സാമന്ത നീക്കം ചെയ്തതോടെയാണ് ഇരുവരും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങൾ  ശക്തമായത്. 

അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതിനെക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ പ്രതികരിക്കാൻ സാമന്ത വിസമ്മതം പ്രകടിപ്പിച്ചിരുന്നു.  ട്രോളുകളോടും മറ്റും താൻ പ്രതികരിക്കാറില്ലെന്നും ഈ വിഷയത്തിലും അത് അങ്ങനെ തന്നെയാണെന്നും ഇത്തരം ബഹളങ്ങളെ താൻ മുഖവിലയ്‌ക്കെടുക്കാറില്ലെന്നും സാമന്ത പറഞ്ഞിരുന്നു.

content highlights : Samantha Prabhu Reacts to Rumours of Her Relocating to Mumbai