തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സാമന്ത. അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പയുടെ ഭാ​ഗമായി സാമന്തയുമെത്തുന്നു എന്ന വാർത്ത കേട്ടതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ​ഗാനരം​ഗത്തിൽ‌ സാമന്തയെത്തുമെന്ന വാർത്ത അണിയറപ്രവർത്തകർ പങ്കുവച്ചത്. 

ഇപ്പോൾ ഈ ഗാനരംഗത്തിനായി സാമന്ത വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചാണ് ആരാധകർക്കിടയിലെ ചർച്ച. 1.5 കോടി രൂപയാണ് ഗാനരംഗത്തിൽ അഭിനയിക്കാൻ സാമന്ത ആവശ്യപ്പെട്ടരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ കരിയറിൽ തന്നെ ആദ്യമായാണ് മറ്റൊരു നടി നായികയാകുന്ന ചിത്രത്തിൽ സാമന്ത ഒരു ഗാനരംഗത്തിൽ അഭിനയിക്കുന്നത്. അതിനാൽ തന്നെ ഈ ഗാനരംഗവും ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.

സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. രശ്മിക മന്ദാന നായികയായെത്തുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രതിനായകവേഷത്തിലെത്തുന്നത്. 

തെലുങ്കിന് പുറമേ, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് പുഷ്പ പുറത്തിറങ്ങുന്നത്. 

ആമസോൺ വെബ്സീരീസായ ദ ഫാമിലി മാനിലാണ് സാമന്ത ഒടുവിൽ വേഷമിട്ടത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാതുവാക്കുള രെണ്ട് കാതൽ എന്ന ചിത്രത്തിൽ നയൻതാരയ്ക്കും വിജയ് സേതുപതിയ്ക്കുമൊപ്പാണ് സാമന്തയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഇതുകൂടാതെ ​ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളത്തിലും സാമന്തയാണ് നായിക. 

content highlights : Samantha In Allu Arjun movie Puspa dance number Remuneration