ബോളിവുഡിലെ പേരുകേട്ട പല പ്രണയ കഥകളിലെയും നായകനാണ് സൽമാൻ ഖാൻ. ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി നിരവധി താരസുന്ദരിമാർ ആ പ്രണയ കഥകളിലെ നായികമാരുമായി. എല്ലാ ബന്ധങ്ങളും അൽപായുസ്സോടെ അവസാനിച്ചപ്പോൾ സൽമാൻ ഇന്നും ബോളിവുഡിന്റെ 'ക്രോണിക് ബാച്ചിലർ‌' ആയി തുടരുകയാണ്. 

എന്നാലിപ്പോൾ  തന്റെ ബന്ധങ്ങളെ കുറിച്ചുള്ള സൽമാന്റെ രസകരമായ തുറന്ന് പറച്ചിലാണ് ചർച്ചയാകുന്നത്. ഏറ്റവുമധികം കാലം നീണ്ടു നിന്ന ഒരു ബന്ധത്തെക്കുറിച്ചാണ് സൽമാന്റെ തുറന്ന് പറച്ചിൽ. ആ ബന്ധം റിയാലിറ്റി ഷോ ആയ ബി​ഗ് ബോസുമായാണ് ഉള്ളതെന്ന് പറയുകയാണ് സൽമാൻ. 11 വർഷമായി ഈ പരിപാടിയുടെ അവതാരകനാണ് സൽമാൻ. 

2010ൽ ബിഗ്ബോസ് സീസൺ 4 മുതലാണ് സൽമാൻ ബി​ഗ് ബോസിന്റെ അവതാരകനായി എത്തുന്നത്. തന്റെ ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്ന ബന്ധം വേറെ ഇല്ലെന്നാണ് സൽമാൻ പറയുന്നത്.

"ബിഗ്ബോസുമായുള്ള ബന്ധം മാത്രമാണ് എന്റെ ജീവിതത്തിൽ ഇത്രയും നാൾ നീണ്ടു നിന്നത്. ബിഗ്ബോസ് ജീവിതത്തിൽ ഒരു സ്ഥിരത കൊണ്ടുവന്നു. പരസ്പരം കാണാതെയാകാം നാല് മാസങ്ങൾ കടന്ന് പോകുന്നത്. എന്നാലും സീസൺ അവസാനിക്കുമ്പോൾ വീണ്ടും ബിഗ്ബോസുമായി ഒന്നിക്കാനായി ഒരുപാട് ആഗ്രഹിക്കാറുണ്ട്.  ഞങ്ങൾ രണ്ട് പേരും അവിവാഹിതരാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ രണ്ട് പേരും സ്വയം ബോസ് ആണെന്നാണ് കരുതുന്നത്. 

എനിക്ക് ഈ ഷോ വളരെയധികം ഇഷ്ടമാണ്, ഒരുപാട് കാര്യങ്ങൾ ഞാൻ ഈ ഷോയിൽ നിന്നും പഠിച്ചിട്ടുണ്ട്. എന്റെ ക്ഷമയെ പലതവണ പരീക്ഷിച്ചിട്ടുണ്ട്. പലപ്പോഴും കൈവിട്ട് പോകുമ്പോൾ ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാൻ ഞാൻ പരിശ്രമിക്കാറുണ്ട്. നിരവധി പുതിയ വ്യക്തികളെ പരിചയപ്പെടാനും അവരുടെ വ്യക്തിത്വത്തെ അറിയാനും ഇവിടെ സാധിക്കുന്നു.'' സൽമാൻ പറയുന്നു

 ഒക്ടോബർ 2-നാണ് ബിഗ്ബോസ് 15-ാം സീസൺ ആരംഭിക്കുന്നത്. 

content highlights: Salman Khan reveals his longest relationship with hindi Big Boss