മൂന്ന് പതിറ്റാണ്ടിലേറെയായി സല്‍മാന്‍ ഖാന്‍ ബോളിവുഡിന്റെ ഭാഗമായിട്ട്. ഇന്ത്യയിലെ സിനിമാതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്നവരുടെ കൂട്ടത്തിലാണ് വര്‍ഷങ്ങളായി സല്‍മാന്റെ സ്ഥാനം. പക്ഷേ സല്‍മാനോട് വര്‍ഷങ്ങളായി ആരാധകര്‍ ഒരേ ഒരു ചോദ്യം സ്ഥിരമായി ചോദിക്കുന്നു. മറ്റൊന്നുമല്ല, എന്നാണ് ആ കല്യാണമെന്ന്. 

സം​ഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് അടക്കമുള്ള നിരവധി താരസുന്ദരിമാരുമായി ചേര്‍ത്ത് സല്‍മാന്റെ പ്രണയകഥകള്‍ ആരാധകര്‍ കേട്ടിട്ടുണ്ട്. പക്ഷേ തന്റെ സമപ്രായക്കാരായ ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍ എന്നിവരെപ്പോലെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സല്‍മാന്‍ മുതിര്‍ന്നില്ല. വയസ്സ് 53 ആയെങ്കിലും സല്‍മാന്‍ ഒരു വിവാഹം കഴിച്ചു കാണാന്‍ ആഗ്രഹമുള്ള ആരാധകര്‍ ഒരുപാടുണ്ട്. 

ജീവിതത്തിൽ ആദ്യമായി സൽമാൻ തന്നെ മുൻകെെയെടുത്ത് വിവാഹക്കാര്യം പൊതുവേദിയിൽ സംസാരവിഷയമാക്കി. ബി​ഗ് ബോസ് സീസൺ 14ന്റെ വേദിയിലായിരുന്നു സംഭവം അരങ്ങേറിയത്. ഷോയിലെ മത്സരാർഥികളെ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജോത്സ്യൻ പണ്ഡിറ്റ് ജനാർദൻ മത്സരാർഥികളിലൊരാളാണ്.

ആറ് വർഷങ്ങൾക്ക് മുൻപ് സൽമാന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് ജനാർദൻ പ്രവചിച്ചിരുന്നു. അത് ഓർമപ്പെടുത്തിയായിരുന്നു സൽമാന്റെ ചോദ്യം, 'ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?' തീർച്ചയായും ഇല്ലെന്നായിരുന്നു ജോത്സ്യന്റെ മറുപടി. 'വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു'- സൽമാൻ പറഞ്ഞു. സൽമാന്റെയും ജോത്സ്യന്റെയും സംഭാഷണം കാണികളെ നന്നായി രസിപ്പിച്ചു. 

Content Highlights: Salman Khan asks astrologer if there is a chance of his wedding, Bigg Boss season 14