ഒരു കംപ്ലീറ്റ് ഫാമിലി മാനാണ് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്‍. എത്ര തിരക്കിനിടയിലും കുടുംബത്തിനായി സെയ്ഫ് അലി ഖാന്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനുമൊപ്പം ഇറ്റലിയില്‍ അവധിയാഘോഷത്തിലാണ് താരം. തിരക്കേറിയ ഷെഡ്യൂളിനിടയിലും കുടുംബത്തിനായി സമയം കണ്ടെത്തുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുകയാണ് സെയ്ഫ്. മുംബൈ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുമ്പോള്‍ ഉറങ്ങുന്ന മകനെ കാണുമ്പോള്‍ തനിക്ക് കുറ്റബോധം തോന്നുമെന്ന് സെയ്ഫ് പറയുന്നു. "ജോലി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോള്‍ തൈമൂര്‍ ഉറങ്ങിയിട്ടുണ്ടെങ്കില്‍ വല്ലാത്ത കുറ്റബോധം തോന്നും. മണിക്കൂറുകള്‍ നീളുന്ന ഷൂട്ടാണ് പലപ്പോഴും. എന്നാല്‍ എട്ടുമണികഴിഞ്ഞിട്ടും ഷൂട്ട് അവസാനിച്ചില്ലെങ്കില്‍ എനിക്ക് അസ്വസ്ഥത തോന്നും. കാരണം എന്റെ മകന് വേണ്ടി മാറ്റി വയ്‌ക്കേണ്ട സമയമാണ് അവിടെ നഷ്ടമാകുന്നത്.

ഞാന്‍ വളര്‍ന്നു വരുന്ന പ്രായത്തില്‍ കുടുംബത്തിനൊപ്പമുള്ള സമയത്തെ ബഹുമാനിക്കേണ്ടതിനെക്കുറിച്ച് പഠിപ്പിച്ചത് എന്റെ മാതാപിതാക്കളാണ്. എന്റെ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഒരു ക്രിക്കറ്റ് താരമായിരുന്നു. അമ്മ ഷര്‍മ്മിള ടാഗോര്‍ ആകട്ടെ അഭിനേത്രിയും. രണ്ടുപേര്‍ക്കും തിരക്കു പിടിച്ച സമയമാകും എന്നിരുന്നാലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കേണ്ടതിന്റെ പ്രാധാന്യവും അങ്ങനെയാണ് ജീവിതം മനോഹരമാകുന്നതെന്നും അവര്‍ ഞങ്ങളെ പഠിപ്പിച്ചു". സെയ്ഫ് പറയുന്നു.

അജയ് ദേവ്ഗണിനൊപ്പം തന്‍ഹാജിയിലാണ് സെയ്ഫ് ഇനി വെള്ളിത്തിരയിലെത്തുക. ബൂട്ട് പോലീസ്, ഗോ ഗോവ ഗോണ്‍ രണ്ടാം ഭാഗം, ജവാനി ജാനേമന്‍, ദില്‍ ബേച്ചാരാ എന്നിവയാണ് സെയ്ഫിന്റെ പുതിയ പ്രോജക്ടുകള്‍.

Content Highlights : Saif Ali Khan on Spending Time With Family Saif Ali khan Kareena Kapoor Taimur Ali Khan