ളരെ കുറച്ചു സിനിമകളിലൂടെ തന്നെ വലിയ ആരാധക സമൂഹമുണ്ടാക്കിയ നടിയാണ് സായ് പല്ലവി. ഹേറ്റേഴ്‌സ് ഇല്ലെന്ന് തന്നെ പറയാന്‍ കഴിയുന്ന ചുരുക്കം ചില നടിമാരില്‍ ഒരാള്‍. പ്രേമം എന്ന ഹിറ്റ് സിനിമയിലൂടെ തകര്‍പ്പന്‍ തുടക്കവുമായി വന്ന് തമിഴ്, തെലുഗു തുടങ്ങിയ ഭാഷകളിലും സ്വന്തമായി ഒരു ഇടമുണ്ടാക്കാന്‍ സായ് പല്ലവിക്ക് സാധിച്ചു.

കഴിഞ്ഞ് ദിവസം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു നടിയുടെ പിറന്നാളാശംസ. ആരാധകരോടൊപ്പം നിരവധി താരങ്ങളും നടിയ്ക്ക് ആശംസയുമായി വന്നിരുന്നു. പോസ്റ്റുകള്‍ പങ്കുവെച്ചും സഹായങ്ങള്‍ നല്‍കിയും ആരാധകര്‍ നടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ഇതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍.

'എനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി. ഒരാവശ്യം വന്നപ്പോള്‍ സഹായിച്ചവരോട് കടപ്പെട്ടിരിക്കുന്നു. ചിത്രങ്ങളെല്ലാം കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ നിങ്ങളെ കൊണ്ട് സാധിക്കട്ടെ' എന്നാണ് ട്വിറ്ററില്‍ സായ് കുറിച്ചിരിക്കുന്നത്.

ഇത് മാത്രമല്ല, അപ്രതീക്ഷിതമായി വീട്ടിലും സായിക്ക് കുടുംബം സര്‍പ്രൈസ് ഒരുക്കിയിരുന്നു. ആ സന്തോഷം പങ്കുവെയ്ക്കാനും സായ് മറന്നില്ല. ഈ സ്‌നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് അറിയില്ല. എന്നാലും തീവ്രമായി ആഗ്രഹിക്കാന്‍ നിങ്ങള്‍ എന്നെ പ്രേരിപ്പിച്ചു. ഇത് തിരിച്ചു തരാന്‍ എന്നെ കൊണ്ട് കഴിയുന്നത് ഞാന്‍ ചെയ്യാം എന്നാണ് സായ് ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

ഇറങ്ങാന്‍ ഇരിക്കുന്ന സിനിമ വിരാടപര്‍വത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് നടന്‍ റാണ ദഗുബട്ടി സായിക്ക് ആശംസകള്‍ അറിയിച്ചത്. വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു നക്‌സ്ലൈറ്റിന്റെ വേഷമാണ് സായി ചെയ്യുന്നത്.

Content Highlights: Sai Pallavi thanks everyone for the abundunt love on her birthday