ബോഡിഷെയ്മിങ്ങിനെ അതിജീവിച്ച് ഇരുപത് കിലോ ഭാരം കുറച്ച കഥ പറഞ്ഞ് നടി കീർത്തി സുരേഷിന്റെ സഹോദരി രേവതി സുരേഷ്. അമ്മ മേനകയോടും കീർത്തിയോടും താരതമ്യം ചെയ്ത് തന്റെ ശരീരഭാരത്തെക്കുറിച്ചുള്ള കമന്റുകൾ കേട്ട് തഴമ്പിച്ച കാലമുണ്ടായിരുന്നു തനിക്കെന്ന് പറയുന്നു രേവതി. തന്നെ അധിക്ഷേപിക്കുന്നവരോട് തിരിച്ച് മറുപടി നൽകുകയും തനിക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തത് അമ്മയും സഹോദരിയുമാണെന്ന് പറയുന്ന രേവതി ശരീരഭാരം കുറയ്ക്കാൻ തനിക്ക് സാധിച്ചതിനുള്ള മുഴുവൻ ക്രെഡിറ്റും നൽകുന്നത് യോഗാചാര്യയും ഗുരുവുമായ താര സുദർശനാണ്.

രേവതിയുടെ ഇൻസ്റ്റ​ഗ്രാം കുറിപ്പ്

എന്റെ ജീവിതകാലം മുഴുവൻ ശരീരഭാരം നിയന്ത്രിക്കുന്നതിനുവേണ്ടിയാണ് ഞാൻ കഷ്ടപ്പെട്ടത്. അമ്മയോടും സഹോദരിയോടും എന്റെ ശരീരഭാരത്തെ താരതമ്യപ്പെടുത്തി പലരും പരിഹസിച്ചു. അതുകൊണ്ട് തന്നെ കൗമാരപ്രായത്തിൽ എന്റെ രൂപത്തെക്കുറിച്ച് എനിക്ക് ആത്മവിശ്വാസം തോന്നിയിട്ടില്ല. മാത്രമല്ല, അവരെ പോലെ എന്നെ കാണാൻ അത്ര ഭം​ഗിയില്ലെന്നും ഇതാണ് ഞാനെന്നും സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഞാൻ സാധാരണക്കാരെപ്പോലെ അല്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും എനിക്ക് എപ്പോഴും തോന്നിയിരുന്നു. പലരും എന്നെ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

എന്റെ ഭർത്താവ് പ്രൊപ്പോസ് ചെയ്തപ്പോഴും എന്നിലെന്താണ് അദ്ദേഹം കണ്ടതെന്ന് ഞാൻ അതിശയിച്ചു. സൗജന്യ ഉപദേശങ്ങൾ നൽകുന്നതിനും കമന്റുകൾ പാസാക്കുന്നതിനും, സൗജന്യ ഡയറ്റ് പ്ലാനുകൾ പറഞ്ഞുതരാനും ആളുകൾ മടികാണിച്ചില്ല. ഞാൻ കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട അപരിചിതർ പോലും തടി കുറയ്ക്കാൻ എന്ത് ചെയ്യണം എന്ത് ചെയ്യരുതെന്ന് എന്നോട് സംസാരിക്കാറുണ്ട്. 

‍ഒരിക്കൽ ഒരു സ്ത്രീ എന്റെ സഹോദരിയും അമ്മയും എത്ര സുന്ദരിമാരാണെന്ന് എന്നോട് പറഞ്ഞു, അവരുടെ നല്ല വാക്കുകൾക്ക് ഞാൻ നന്ദി പറഞ്ഞയുടനേ അവരെന്നോട് ചോദിച്ചു നിനക്ക് എന്താണ് പറ്റിയതെന്ന്. ഞാൻ എങ്ങനെയാണെന്നതിനെക്കുറിച്ച് എനിക്ക് ധാരണയുണ്ടായിരുന്നു. പക്ഷേ എന്റെ ശരീരം എങ്ങനെയാണെന്ന് മറ്റുള്ളവർ തീർപ്പുകൽപ്പിക്കുന്നത് എനിക്കിഷ്ടമല്ലായിരുന്നു. 

എനിക്ക് എന്താണ് കുഴപ്പമെന്ന് ചിന്തിച്ച് മണിക്കൂറുകൾ കണ്ണാടിക്കു മുന്നിൽ ഞാൻ ചെലവിട്ടിരുന്നു. എന്താണ് എന്റെ പ്രശ്നം? എന്തുകൊണ്ടാണ് എന്നിലെ സൗന്ദര്യത്തെ എനിക്ക് തിരിച്ചറിയാനാവാത്തത്?. ഒരു സമയത്ത് ഞാൻ എന്നെതന്നെ വെറുത്തു. സന്തോഷത്തോടെയിരിക്കാൻ ഞാൻ അർഹയല്ലെന്ന് വരെ ഞാൻ കരുതി.  ജോലിയും ഉത്തരവാദിത്തവും എന്നെ എപ്പോഴും ഉത്സാഹിയാക്കിയെങ്കിലും ഞാൻ സുന്ദരിയാണെന്ന് എനിക്കൊരിക്കലും തോന്നിയിരുന്നില്ല. 

എന്റെ സഹോദരി എപ്പോഴും ഇത്തരം പരിഹാസങ്ങളിൽ നിന്നും എന്നെ സംരക്ഷിച്ചിരുന്നു. അവളെക്കാളും ഞാനാണ് സുന്ദരിയെന്ന് അവളുടെ സുഹൃത്തുക്കൾ പറയാറുണ്ടെന്ന് ഒരിക്കൽ അവൾ എന്നോട് പറഞ്ഞു. അവളുടെ തമാശ കേട്ട് ഞാനും ചിരിക്കും. താൻ കണ്ടതിൽവച്ച് വളരെ കഴിവുളളതും ശക്തയും സുന്ദരിയുമായ പെൺകുട്ടിയാണ് ഞാനെന്ന് അമ്മ പറയും.

എന്റെ ഭർത്താവും ഇതേ വാക്കുകൾ പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു. എങ്കിലും ഇത്രയും വർഷം ഞാൻ കേട്ട് പഴകിയ കാര്യങ്ങൾ, എനിക്കെന്തോ പ്രശ്നമുണ്ടെന്ന തോന്നലിൽ തന്നെ ഞാൻ വിശ്വസിച്ചു. പക്ഷേ താരാ ആന്റി ഈ ചട്ടക്കൂടിൽനിന്നും എന്നെ പുറത്തേക്ക് കൊണ്ടുവന്നു. എന്റെ യോഗ ഗുരുവായ താര സുദർശൻ എന്നിൽ ആത്മവിശ്വാസമുണ്ടാക്കി. എന്റെ ഉളളിലെ ശക്തി എന്തെന്ന് എനിക്ക് കാണിച്ചു തന്നു, എന്നിലെ നല്ല വശങ്ങൾ ചൂണ്ടിക്കാണിച്ചു, ഞാൻ ഉള്ളിലും പുറത്തും സുന്ദരിയാണെന്നും അതിന് ആരുടെയും സമ്മതപത്രം ആവസ്യമില്ലെന്നും അവസാനം അവർ എന്നെ വിശ്വസിപ്പിച്ചു. ആദ്യമായി ഞാൻ 20 ലധികം കിലോ ശരീരഭാരം കുറച്ചതിന്റെ മുഴുവൻ ക്രൈഡിറ്റും എന്റെ യോഗ ആചാര്യയും ഗുരുവുമായ താര സുദർശന് സമർപ്പിക്കുന്നു.

Content Highlights  : Revathy suresh weight Transformation journey keerthy suresh menaka suresh sureshkumar family