പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ വിജയാരവങ്ങള്‍ നിലയ്ക്കുന്നില്ല. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിലെ ഡയലോഗുകളും സിനിമാപ്രേമികള്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
ലൂസിഫറിലെ ജനപ്രിയ ഡയലോഗ് ഏറ്റുപിടിക്കുകയാണ് ഇപ്പോള്‍ നടനും അവതാരകനുമായ രമേഷ് പിഷാരടി. കടപുഴകി വീണ വന്‍മരത്തെ പി കെ രാമദാസ് എന്നു ഹാസ്യരൂപേണ ട്രോളുകയാണ് രമേഷ് പിഷാരടി തന്റെ പുതിയ പോസ്റ്റിലൂടെ.
'പി കെ രാമദാസ് എന്ന വന്‍മരം കടപുഴകി വീണു. ഇനിയാര് ?' എന്ന് ലൂസിഫറില്‍ ഇന്ദ്രജിത്ത് പറയുന്ന ഡയലോഗ് ജനപ്രിയമായിരുന്നു. പുലര്‍ച്ചെ രണ്ടു മണിക്ക് റോഡിനു കുറുകെ മരം കടപുഴകി വീണതിനു പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളും സമയത്തിനെത്തി ഗതാഗതം പുന:സ്ഥാപിച്ചുവെന്ന് രമേഷ് പറയുന്നു.
അപകടം നടന്ന സ്ഥലത്തെത്തിയ പോലീസുകാരോട് സംസാരിച്ചു നില്‍ക്കുന്ന രമേഷിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഹാസ്യം നിറച്ച രസകരമായ പോസ്റ്റുകളുമായി സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Content Highlights : Ramesh Pisharody facebook post, Lucifer troll