പിഷാരടിയുടെ അപേക്ഷ ഏതായാലും പാഴായില്ല. ഒടുവിൽ കൂട്ടുകാരൻ ധർമജനും കിട്ടി ഒരു ഓസ്കർ. വെറും ഓസ്കറല്ല, നല്ല ഒന്നാന്തരം ഫോട്ടോഷോപ്പ് ഓസ്കർ. അതും പിഷാരടി കൂടി വേഷമിട്ട അനുഭവങ്ങൾ പാച്ചാളികൾ എന്ന ചിത്രത്തിലെ തകർപ്പൻ അഭിനയത്തിന്. മാസങ്ങൾക്ക് മുൻപ് വൈറലായ ഒരു കോമഡി സ്റ്റേജ് ഷോയിൽ പിഷാരടി തന്നെ യു. എസ്. പ്രസിഡന്റ് ട്രംപിനോട് അപേക്ഷിച്ചിരുന്നു ധർമജന് ഒരു ഒാസ്കർ തരപ്പെടുത്തിക്കൊടുക്കാൻ. ഇക്കാര്യം ഓർത്തെടുത്ത് ഇതിന്റെ തുടർച്ചയായാണ് പിഷാരടി ഫെയ്സ്ബുക്കിൽ ഒന്നാന്തരമൊരു ട്രോൾ പോസ്റ്റ് ചെയ്തത്.

ഒരു സ്റ്റേജ് ഷോയിലായിരുന്നു, പിന്നീട് വൈറലായി മാറിയ ധർമജനുവേണ്ടി ട്രംപിനോടുള്ള പിഷാരടിയുടെ ശുപാർശ. ട്രംപുമായി നടത്തിയ സാങ്കൽപിക സംവാദത്തിനിടെയായിരുന്നു നോൺ സ്റ്റോപ്പ് ചിരി പ​ടർത്തിയ ശുപാർശ.

ധർമജൻ ഓസ്കർ ഏറ്റുവാങ്ങി നിൽക്കുന്ന ചിത്രവും അവാർഡ് നേടിക്കൊടുത്ത സിനിമയിലെ ദൃശ്യവും ട്രംപുമായുള്ള സംവാദത്തിന്റെയുമെല്ലാം ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട് പിഷാരടി.

ലോസ് ആഞ്ജലീസ് ഡോൾബി തിയേറ്ററിലെ യഥാർഥ ഓസ്കർ ചടങ്ങിൽ ട്രംപ് വൻ വിമർശവും പരിഹാസവും ഏറ്റുവാങ്ങിയശേഷമാണ് പിഷാരടിയുടെ വകയും ഒരു കിടിലൻ ട്രോൾ.