സൂര്യ പ്രധാനവേഷത്തില്‍ എത്തുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍.ജി.കെ റിലീസിനൊരുങ്ങുകയാണ്. രാകുല്‍ പ്രീത് സിംഗ്, സായ് പല്ലവി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. 

സിനിമ ചിത്രീകരിക്കുന്നതിനിടെ സായ് പല്ലവിയും രാകുലും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും ആദ്യം പ്രതികരിച്ചില്ല. ഒടുവില്‍ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാകുല്‍.

ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാകുല്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കിയത്.

'ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. അതെല്ലാം വ്യാജ വാര്‍ത്തകളാണ്. മാത്രവുമല്ല ചിത്രത്തില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. അതില്‍ എനിക്ക് സന്തോഷമുണ്ട്'- രാകുല്‍ പറഞ്ഞു. 

എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന സെല്‍വരാഘവന്‍ ചിത്രമാണ് എന്‍.ജി.കെ. ധനുഷ് പ്രധാനവേഷത്തിലെത്തിയ മയക്കമെന്നയായിരുന്നു സെല്‍വരാഘവന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. 2011 ലാണ് ചിത്രം പുറത്തിറങ്ങിയത്. പിന്നീട് നെഞ്ചം മറപ്പതില്ലൈ, മന്നവന്‍ വന്താനടി എന്നീ രണ്ടു ചിത്രങ്ങള്‍ പ്രഖ്യാപിച്ചുവെങ്കിലും ചിത്രീകരണം അനിശ്ചിതമായി നീണ്ടു പോയി. 

മെയ് 31 നാണ് പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായ എന്‍.ജി.കെ പുറത്തിറങ്ങുന്നത്. നന്ദ ഗോപാലന്‍ കുമാരന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. ദേവ്‌രാജ്, പൊന്‍വണ്ണന്‍, ബാല സിംഗ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights: Rakul Preet trashes rumours of misunderstandings with Sai Pallavi,  NGK suriya movie, selvaraghavan, gossip, ngk release