ബോളിവുഡിലെ ഏറ്റവും ഹിറ്റായ ചാറ്റ് ഷോയാണ് കോഫി വിത്ത് കരണ്‍. സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയില്‍ ഓരോ എപ്പിസോഡിലും സിനിമാലോകത്തെ പ്രമുഖരാണ് അതിഥികളായെത്താറുള്ളത്. ഷോയുടെ പുതിയ എപ്പിസോഡില്‍ പ്രിയങ്ക ചോപ്രയും കരീന കപൂറുമാണ് അതിഥികളായെത്തുന്നത്. ഇരുവരും തമ്മില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, അത്തരം ഗോസിപ്പുകളെ കാറ്റില്‍ പറത്തിയായിരുന്നു കരണിന്റെ ഷോയില്‍ ഇരുവരും ഒന്നിച്ചെത്തിയത്. 

പരിപാടിയുടെ പ്രൊമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയുണ്ടായി. പ്രൊമോയില്‍ കരീന പ്രിയങ്കയോട് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം...വന്ന വഴി മറക്കരുതെന്ന കരീനയുടെ രസകരമായ ഉപദേശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

നടന്‍ വരുണ്‍ ധവാന്റെ കാമുകിയുടെ പേരെന്താണെന്നറിയുമോ എന്ന കരണിന്റെ ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിന് പിന്നാലെയാണ് കരീനയുടെ ഉപദേശം. വരുണിന്റെ കാമുകിയെ അറിയാത്തത് എന്താണെന്ന് പ്രിയങ്കയോട് ചോദിച്ച കരീന 'നിങ്ങള്‍ക്കിപ്പോള്‍ ഹോളിവുഡ് താരങ്ങളെ മാത്രമേ അറിയൂ വന്ന വഴി മറക്കരുതെന്ന' ഉപദേശവും നല്‍കി. കരീനയുടെ ഉപദേശം ചിരിച്ചുകൊണ്ടാണ് പ്രിയങ്ക കേട്ടത്.

മുന്‍പ് കരണിന്റെ ഇതേ ചാറ്റ് ഷോ കാരണം പിണക്കത്തിലായിരുന്ന താരങ്ങളായിരുന്നു കരീനയും പ്രിയങ്കയും. 2010-ല്‍ ഭര്‍ത്താവ് സെയ്ഫ് അലി ഖാനുമൊത്ത് കോഫി വിത്ത് കരണില്‍ കരീന പങ്കെടുത്തിരുന്നു. പരിപാടിക്കിടയില്‍ പ്രിയങ്കയെ കുറിച്ച് സംസാരിച്ച കരീന പ്രിയങ്കയ്ക്ക് ഈ ഉച്ചാരണം എവിടുന്നു കിട്ടി എന്ന് ചോദിച്ചിരുന്നു. 

പിന്നീട് രണ്ട് എപ്പിസോഡുകള്‍ക്ക് ശേഷം ഷാഹിദ് കപൂറുമൊത്ത് പരിപാടിയില്‍ പങ്കെടുക്കവേ കരീനയുടെ ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ആരാഞ്ഞ കരണിനോട് 'കരീനയുടെ കാമുകന്  അതെവിടുന്നാണോ കിട്ടിയത്, അവിടെ നിന്നാണ് തനിക്കും കിട്ടിയതെന്നാണ്' പ്രിയങ്ക മറുപടി പറഞ്ഞത്. ഇതോടെയാണ് താരങ്ങള്‍ക്കിടയില്‍ പോര് രൂക്ഷമായത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നത്.

നാല് വര്‍ഷം മുന്‍പ് അമേരിക്കന്‍ ടെലിവിഷന്‍ ഷോ ആയ ക്വാന്റിക്കോയില്‍ അഭിനയിക്കാനുള്ള കരാര്‍ ആയി കഴിഞ്ഞതിന് ശേഷം ഇന്ത്യയിലും അമേരിക്കയിലുമായി മാറി മാറി താമസിക്കുകയായിരുന്നു പ്രിയങ്ക. 2016 ല്‍ പുറത്തിറങ്ങിയ ജയ് ഗംഗാജല്‍ ആണ് പ്രിയങ്ക അവസാനം ചെയ്ത ബോളിവുഡ് ചിത്രം. അതേ സമയം മൂന്ന് ഹോളിവുഡ് ചിത്രങ്ങളിലും താരം വേഷമിട്ടു കഴിഞ്ഞു. 

Content Highlights : Priyanka Chopra Kareena Kapoor Karan Johar Koffee With Karan