ബോളിവുഡിലും ഹോളിവുഡിലും എല്ലാ അര്‍ഥത്തിലും നിറഞ്ഞുനില്‍ക്കുകയാണ് പ്രിയങ്ക ചോപ്ര. ഹോളിവുഡിന്റെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ചോയിസായി പ്രിയങ്ക മാറിക്കഴിഞ്ഞു. ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോയില്‍ പുരുഷതാരങ്ങളെപ്പോലും വെല്ലുന്ന ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടാണ് പ്രിയങ്ക കൈയടി നേടുന്നത്.

എന്നാല്‍, ഈ വേഷങ്ങള്‍ക്കപ്പുറം പഴയ ശീലങ്ങളും പാരമ്പര്യ വിശ്വാസപ്രമാണങ്ങളുമെല്ലാം മുറുകെ പിടിക്കുന്ന ഒരു താരം കൂടിയാണ് പ്രിയങ്ക. ഇയ്യിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്നുണ്ട് പ്രിയങ്ക.

കല്ല്യാണം, കുട്ടികള്‍ എന്നിവയൊക്കെ എന്റെ ജീവിതത്തിലെ വലിയ ലക്ഷ്യങ്ങളാണ്. വിവാഹം, കുടുംബം, കുട്ടികള്‍ തുടങ്ങിയ സമ്പ്രദായങ്ങളിൽ വലിയ വിശ്വാസം വച്ചു പുലര്‍ത്തുന്ന ആളാണ് ഞാന്‍. ദൈവം അനുഗ്രഹിക്കുകയാണെങ്കില്‍ ഒരുപാട് കുട്ടികള്‍ വേണം എന്നാണ് എന്റെ ആഗ്രഹം. അതില്‍ ഒരു പ്രശ്‌നമേ ഉള്ളൂ. അത് ആരില്‍ നിന്നാണ് ഉണ്ടാവുക എന്നു മാത്രം എനിക്കറിയില്ല-അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.

തൊട്ടാല്‍ കരയുന്ന ഒരു വ്യക്തിയാണ് താനെന്നും പ്രിയങ്ക പറഞ്ഞു. ഞാന്‍ എപ്പോഴും കരയും. കഴിഞ്ഞ രാത്രി പോലും കരഞ്ഞു. അന്നേരം ഞാന്‍ എന്റെ കൂട്ടുകാര്‍ക്കൊപ്പമായിരുന്നു. കുറേക്കാലമായി ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത് എന്നതോര്‍ത്ത് വികാരാധീനയായിപ്പോയി. പിന്നെ കരച്ചിലും കണ്ണീരുമടക്കാനായതുമില്ല. ഞാന്‍ എന്റെ കൂട്ടുകാരെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. അതൊക്കെ ഓര്‍ത്ത് ഞാന്‍ എപ്പോഴും കരയും. എനിക്ക് അത് തടയാനാവുന്നില്ല-പ്രിയങ്ക പറഞ്ഞു.

ഓപ്ര വിന്‍ഫ്രിയാവാനല്ല, ചോപ്ര തന്നെയാവാനാണ് ആഗ്രഹം. സിനിമയില്‍ വലിയ റോളെന്നോ ചെറിയ റോളെന്നോ ഇല്ല. വലിയ അഭിനേതാക്കളും ചെറിയ അഭിനേതാക്കളുമാണ് ഉള്ളത്. ഞാന്‍ ഒരു ചെറിയ അഭിനേതാവല്ല. ഉപകരണസംഗീതം വായിക്കുന്നതില്‍ വിദഗ്ദയാവണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതു നടന്നില്ല. ഒരു ബ്ലാക്ക് ഗിറ്റാര്‍ വായിക്കാന്‍ ഇപ്പോഴും മോഹമുണ്ട്-അഭിമുഖത്തിലെ റാപ്പിഡ് ഫയര്‍ വിഭാഗത്തില്‍ പ്രിയങ്ക പറഞ്ഞു.

Content Highlights: Priyanka Chopra Bollywood Actress Quantico Hollywood