എസ്ര എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയ ആനന്ദ്. ഇപ്പോള്‍ നിവിന്‍ പോളിയുടെ നായികയായി മലയാളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് പ്രിയ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലൂടെയാണ് പ്രിയ വീണ്ടും മലയാളത്തിലേക്കെത്തുന്നത്. അമല പോളിന്റെ പകരക്കാരിയായാണ് പ്രിയ നിവിൻ പോളിയുടെ നായികയാവുന്നത്.

കായംകുളം കൊച്ചുണ്ണി താന്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രമാണെന്നും ഇതിനായി മറ്റു മൂന്ന് ചിത്രങ്ങള്‍ താന്‍ ഒഴിവാക്കിയെന്നും പ്രിയ ഒരു  ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ഞാന്‍ കന്നഡത്തില്‍ മൂന്ന് ചിത്രങ്ങള്‍ കരാര്‍ ചെയ്തതായിരുന്നു. എന്നാല്‍ കൊച്ചുണ്ണിക്ക് വേണ്ടി അതെല്ലാം വേണ്ടെന്നു വച്ചു. അത്രയ്ക്കും മികച്ചൊരു പ്രോജക്ട് ആണിത്. ഒരു ചരിത്ര സിനിമയുടെ ഭാഗമാകുക എന്നത് എന്റെ വലിയൊരു സ്വപ്നമായിരുന്നു. മലയാള സിനിമകളില്‍ അഭിനയിക്കുന്നതിന്റെ ഏറ്റവും മികച്ച കാര്യമെന്തെന്നാല്‍ ഇവിടുത്തെ കഥാപാത്രങ്ങളെല്ലാം യഥാര്‍ഥത്തിലുള്ളതായിരിക്കും. റിയലിസ്റ്റിക് സിനിമകളാണ് കൂടുതലും, അതുകൊണ്ട് തന്നെ അവയുമായി എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിയും. 

പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയാണെങ്കിലും എന്റെ കഥാപാത്രം നേരിടുന്ന വിഷയങ്ങള്‍ ഇന്നും സംഭവിക്കുന്നതാണ്. അതുകൊണ്ടു തന്നെ അവയുമായി എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ എനിക്ക് സാധിച്ചു. ഭാഷയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ചരിത്ര സിനിമയായത് കൊണ്ട് തന്നെ സംഭാഷണങ്ങൾ പ്രധാനമായിരുന്നു-പ്രിയ പറഞ്ഞു.

മലയാള നാടോടിക്കഥകളിലെ അതികായനായ കള്ളന്‍ കായംകുളം കൊച്ചുണ്ണിയുടെ ജീവിതം വരച്ചിടുന്ന സിനിമയില്‍ ജാനകി എന്ന കഥാപാത്രമായാണ് പ്രിയ എത്തുന്നത്. ബോബിയും സഞ്ജയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. 

Content Highlights : Priya Anand Replaces Amala Paul In kayamkulam kochunni, priya about Kochunni Movie