‘ലൂസിഫറി’നു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രം തെലങ്കാനയിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പൃഥ്വി പങ്കുവച്ച ഒരു ചിത്രവും അതിന് ഭാര്യയും നിർമാതാവുമായ സുപ്രിയ നൽകിയ കമന്റുമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.

ഉയരത്തിൽ നിന്നും ഷൂട്ട് ചെയ്യുന്ന ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജത്തെയാണ് ചിത്രത്തിൽ കാണുക. "ഇതുകൊണ്ടാവും സിനിമോട്ടോഗ്രാഫേഴ്സ് എന്റെ കൂടെ വർക്ക് ചെയ്യാൻ മടിക്കുന്നതെന്ന് ഞാൻ കരുതുന്നു." എന്നാണ് ചിത്രം പങ്കുവച്ച് പൃഥ്വി കുറിക്കുന്നത്. 

"അഭിനന്ദ് രാമാനുജം പൃഥ്വിയോട്: സാർ, ഇന്ത ഹൈറ്റിലെ ഒന്നുമേ കേക്കലേ" എന്നാണ് ഇതിന് സുപ്രിയ കമന്റ് നൽകിയിരിക്കുന്നത്.

മോഹൻലാലാണ് ബ്രോ ഡാഡിയിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജും സിനിമയിൽ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് ബ്രോ ഡാഡിയുടെ മറ്റൊരു പ്രത്യേകത. കല്യാണി പ്രിയദർശൻ, മീന, കനിഹ, മുരളി ​ഗോപി, സൗബിൻ, ലാലു അലക്സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നൽകിയിരിക്കുന്നത്.

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമാണം. ദീപക് ദേവാണ് സംഗീതം. എം ആർ രാജകൃഷ്‍ണനാണ് ശബ്ദലേഖനം.

content highlights : Prithviraj Shares picture From Bro Daddy shooting location supriya Funny Comment