ലോകപിതൃദിനത്തില്‍ മകള്‍ അലംകൃതയെന്ന അല്ലി തനിക്കായെഴുതിയ കത്ത് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. പ്രിയസുഹൃത്തിന്റെ മരണത്തില്‍ അതീവ ദു:ഖിതനായിരുന്നു അച്ഛന്‍ എന്നു മകള്‍ക്കുമറിയാം. അച്ഛനെ ഉന്മേഷഭരിതനാക്കാനാക്കാനുള്ള അല്ലിയുടെ എളിയ ശ്രമമാണ് ഈ കത്ത്. 

തനിക്ക് അഞ്ചു വയസ്സുള്ളപ്പോള്‍ എഴുതിയിരുന്നതിനേക്കാള്‍ മനോഹരമാണ് മകളുടെ ഭാഷയെന്ന് കത്ത് വായിച്ചപ്പോള്‍ പൃഥ്വിക്ക് തോന്നി. കത്തിന്റെ ഉള്ളടക്കമിങ്ങനെ. 

'ഹാപ്പി ഫാദേഴ്‌സ് ഡേ. 

പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക്‌ നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക്‌ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ.' 

പ്രിയസുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ നിര്യാണത്തില്‍ അതീവ ദു:ഖിതനായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൃഥ്വി. മനോഹരമായൊരു കുറിപ്പോടെയാണ് പൃഥ്വിയുടെ പോസ്റ്റ്.

'കുറച്ച് ദിവസങ്ങളായി ഞാനാകെ അസ്വസ്ഥനായിരിക്കുന്നത് അവള്‍ കാണുന്നുണ്ട്. എനിക്കൊരു സമ്മാനം നല്‍കാന്‍ ഫാദേഴ്‌സ് ഡേ വന്നെത്താന്‍ കാത്തിരിക്കുകയായിരുന്നു അവള്‍. അഞ്ചു വയസ്സുള്ളപ്പോള്‍ ഞാനെഴതിയിരുന്നതിനേക്കാള്‍ മനോഹരമാണ് അവളുടെ ഇംഗ്ലീഷ്.'  മകളുടെ കത്ത് പങ്കുവെച്ചുകൊണ്ട് പൃഥി കുറിച്ചു.

Content Highlights : prithviraj shares her daughter's letter in English on world father's day