പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ആരാധകരില്‍ ഉണ്ടാക്കുന്ന ആശയകുഴപ്പം ചില്ലറയൊന്നുമല്ല. പൃഥ്വിയുടെ ഇംഗ്ലീഷ് പാടവം ട്രോളന്മാര്‍ ആഘോഷമാക്കാറുമുണ്ട്.  പൃഥ്വിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളും അതിന്റെ അര്‍ത്ഥം തേടിയുളള ട്രോളന്മാരുടെ നെട്ടോട്ടവും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചിരി പടര്‍ത്തിയിട്ടുമുണ്ട്.

ഇപ്പോള്‍ തന്റെ ഇംഗ്ലീഷ് പ്രയോഗം കൊണ്ട് സ്വയം ചമ്മിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്  മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ലൊക്കേഷനില്‍ വച്ച് തന്റെ ഇംഗ്ലീഷ് തനിക്ക് പണി തന്ന വിവരം പൃഥ്വി വെളിപ്പെടുത്തിയത്.

ചിത്രത്തിലെ നായികയായ മഞ്ജുവാണ് പൃഥ്വിയുടെ ഇംഗ്ലീഷ് കേട്ട് പകച്ചുപോയത്. ലൂസിഫറിന്റെ ലൊക്കേഷനില്‍ വിവേക് ഒബ്‌റോയും മഞ്ജുവും ഒന്നിച്ചുള്ള സീനിന് ഇടയ്ക്കായിരുന്നു സംഭവം. അതിനെ കുറിച്ച് പൃഥ്വി പറയുന്നത് ഇങ്ങനെ..

"ലൂസിഫറിന്റെ സെറ്റില്‍ വച്ച് ഒരു അബദ്ധം പറ്റി. വിവേക് ഒബോറോയും മഞ്ജുവും ഒന്നിച്ചുള്ള സീന്‍. വിവേക് ഡയലോഗ് പറയുമ്പോള്‍ മഞ്ജുവിന്റെ മുഖത്ത് ഞാന്‍  ഉദ്ദേശിച്ച റിയാക്ഷനല്ല വന്നത്. ഞാന്‍  പറഞ്ഞു, കുറച്ചു കൂടി Incredulousness (പെട്ടന്ന് വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്.  മഞ്ജു തലയാട്ടി. 

ഞാന്‍  മോണിട്ടറിന് മുന്നിലെത്തി റീ ടേക്ക് പറഞ്ഞു. പക്ഷേ മഞ്ജുവിന്റേത് വീണ്ടും പഴയ റിയാക്ഷന്‍  തന്നെ. കട്ട് പറഞ്ഞയുടന്‍  മഞ്ജു അടുക്കലെത്തി ചോദിച്ചു. രാജു നേരത്തെ പറഞ്ഞില്ലേ.. അതെന്താ അതുകേട്ടതും സെറ്റില്‍  കൂട്ടച്ചിരി. ചമ്മിയത് ഞാനാണ്. ഷൂട്ടിങ് തീരും വരെ ഇന്‍ക്രഡുലെസ്‌നെസ് അവിടത്തെ ചിരി വിഷയമായിരുന്നു". പൃഥ്വിരാജ് പറയുന്നു.

തന്റെ ഇംഗ്ലീഷിനെ ട്രോളുന്നത് താന്‍ ആസ്വദിക്കാറുണ്ടെന്നും പക്ഷേ ശശി തരൂരുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നത് പോലെയാകുമെന്നും അത്രയും പദസ്വാധിനമൊന്നും തനിക്കില്ലെന്നും പൃഥ്വി പറയുന്നു.

Content highlights : Prithviraj English troll Manju Warrier Lucifer Movie Prithvi English trolls