പ്രതിസന്ധികൾക്കൊടുവിൽ ജോർദാനിൽ നിന്ന് പൃഥ്വിരാജും സംഘവും മടങ്ങിയെത്തിയ സന്തോഷം പങ്കുവച്ച് പൃഥ്വിയുടെ ഭാ​ര്യയും നിർമാതാവുമായ സുപ്രിയ മേനോൻ. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.

"ഏതാണ്ട് മൂന്ന് മാസത്തിന് ശേഷം പൃഥ്വിരാജും ആടുജീവിതം സംഘവും കേരളത്തിലെത്തി. നിർദ്ദേശമനുസരിച്ചുള്ള ക്വാറന്റൈൻ കേന്ദ്രത്തിൽ അവർ നിരീക്ഷണത്തിൽ കഴിയും. നീണ്ട കാത്തിരിപ്പായിരുന്നു ഇത്. പക്ഷേ ഓരോരുത്തരോടും ഈ തിരിച്ചുവരവിന് സഹായിച്ച എല്ലാ അധികാരികളോടും ഞങ്ങൾക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.

ഞങ്ങൾക്കായി പ്രാർഥിച്ച, ഞങ്ങൾ വേർപിരിഞ്ഞിരുന്ന സമയത്ത് ശക്തി പകർന്ന എല്ലാ ആരാധകരോടും അഭ്യുദയകാംഷികളോടും നന്ദി അറിയിക്കുന്നു. ഡാഡ തിരിച്ചുവന്ന സന്തോഷത്തിലാണ് അല്ലി, രണ്ട് ആഴ്ച്ചയ്ക്ക് ശേഷം കാണാമെന്ന് പ്രതീക്ഷിക്കുന്നു". സുപ്രിയ കുറിച്ചു

Supriya

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായാണ് സംവിധായകനും നായകനുമുൾപ്പടെ 58 പേരടങ്ങുന്ന സംഘം ജോർദാനിലെത്തിയത്. കൊറോണ വ്യാപനത്തെതുടർന്ന് രാജ്യങ്ങൾ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു.

പിന്നീട് സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണ ഷെഡ്യൂൾ പൂർത്തിയാക്കുകയായിരുന്നു.   കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റീൻ കേന്ദ്രത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും. 

Content Highlights : Prithviraj And Aadujeevitham team Reached Kerala Supriya Menon Alankritha Prithviraj